തിരൂരങ്ങാടിയില്‍ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കും

post


തിരൂരങ്ങാടി മണ്ഡലത്തിലെ വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം ജൂലൈ 31നകം പൂര്‍ത്തീകരിക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. കെ.പി.എ മജീദ് എം. എല്‍. എ നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ഡലത്തില്‍ എം.കെ.എച്ച് ആശുപത്രിക്ക് സമീപം, ദാറുല്‍ ഹുദ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി പരിസരം, വെന്നിയൂര്‍ കെഎസ്ഇബി ഓഫീസിനു സമീപം, കോഴിചെന, പയനിങ്ങല്‍ ജംങ്ഷന്‍, ക്ലാരി യു.പി സ്‌കൂള്‍ പരിസരം, കുണ്ടൂര്‍, സ്റ്റീല്‍ കോംപ്ലക്‌സ് പരിസരം എന്നിങ്ങനെ എട്ടു സ്ഥലങ്ങളിലായാണ് വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെ നിര്‍മാണം പുരോഗമിക്കുന്നത്.


നിലവില്‍ ദേശീയപാത നിര്‍മാണത്തിന്റെ സ്ഥലം ഏറ്റെടുക്കല്‍ അന്തിമമാകാത്തതിനാലാണ് വെന്നിയൂര്‍ അടക്കമുള്ള വൈദ്യുത ചാര്‍ജിങ് സ്റ്റേഷനുകളുടെയും വെന്നിയൂര്‍ കെ.എസ്.ഇ.ബി ഗസ്റ്റ് ഹൗസിന്റെയും നിര്‍മാണം വൈകുന്നതെന്നും മന്ത്രി പറഞ്ഞു. വെന്നിയൂര്‍ കെ.എസ്.ഇ.ബി 110 കെ.വി സബ്സ്റ്റേഷന്‍ നിര്‍മാണത്തിന്റെ സാങ്കേതിക പഠനം നടക്കുകയാണെന്നും ഈ പഠന റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.