കാടിനെ അടുത്തറിയാന്‍ മൂത്തേടം ഉച്ചക്കുളം കോളനിയില്‍ ടൂറിസം പദ്ധതിയൊരുങ്ങുന്നു

post

പ്രകൃതി പഠനത്തിനും കാടിനെ അറിയാനുമായി മൂത്തേടം ഉച്ചക്കുളം കോളനിയില്‍ പുതിയ പദ്ധതിയൊരുങ്ങുന്നു. സഞ്ചാരികള്‍ക്ക് അറിവും വിനോദവും പകരുന്ന പദ്ധതിയുടെ പ്രാരംഭ നടപടികള്‍ക്ക് തുടക്കമായി. സന്‍സദ് ആദര്‍ശ് ഗ്രാം യോജനയിലുള്‍പ്പെടുത്തി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെയാണ് പദ്ധതി നടപ്പാക്കുന്നത്. പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് പദ്ധതിയുടെ കരട് ചര്‍ച്ച ചെയ്തു. കരട് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ ശുപാര്‍ശയോടെ അടുത്ത ദിവസം തന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കും.


സഞ്ചാരികള്‍ക്ക് കാടിനെയും ഗോത്രജീവിതത്തെയും അടുത്തറിയാന്‍ സഹായകമാവുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ഉച്ചക്കുളം കോളനിയുടെ ഭാഗമായ ഭൂമിയിലാണ് പദ്ധതി നടപ്പാക്കുക. കോളനി നിവാസികള്‍ക്ക് അധിക വരുമാനവും കോളനിയുടെ വികസനവും കൂടെ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. നെടുങ്കയത്ത് നിന്നും കാട്ടിലൂടെ പ്രത്യേക വാഹനത്തില്‍ സഞ്ചാരികളെ പദ്ധതി പ്രദേശത്ത് എത്തിക്കും. ദിവസം നിശ്ചിത എണ്ണം ആള്‍ക്കാര്‍ക്ക് മാത്രമായിരിക്കും പ്രവേശനമുണ്ടാവുക. വനത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും അറിവ് പകരുന്ന മ്യൂസിയം, പഠന കേന്ദ്രം എന്നിവ പദ്ധതിയുടെ ഭാഗമായുണ്ടാവും. പരമ്പരാഗത കൃഷി രീതികള്‍, കന്നുകാലി വളര്‍ത്തല്‍ ഗോത്രകലകള്‍ പരിചയപ്പെടല്‍ എന്നിവയ്ക്കെല്ലാം അവസരമുണ്ടാവും. ഗോത്രവിഭാഗക്കാര്‍ക്ക് നിര്‍മിച്ച വസ്തുകള്‍ക്ക് വാങ്ങുന്നതിനും അവസരമൊരുക്കും.


നിലമ്പൂരിന്റെ ചരിത്രവും നിലമ്പൂര്‍ കാടിന്റെ പ്രാധാന്യവും പശ്ചിമഘട്ടത്തിന്റെ വൈവിധ്യവുമെല്ലാം പകര്‍ന്ന് നല്‍കുന്ന തരത്തിലുള്ള പ്രത്യേക പ്രദര്‍ശനവും പദ്ധതിയുടെ ഭാഗമാണ്. തദ്ദേശസ്ഥാപനങ്ങളുടെയും കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഫണ്ടുകളും ഉപയോഗപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുക. പ്രകൃതിയോടിണങ്ങുന്ന രീതിയിലുള്ളതായിരിക്കും നിര്‍മിതികള്‍. നടപ്പാത, പാര്‍ക്കിങ്, ശുചിമുറി, പഠനകേന്ദ്രം, ഭക്ഷണശാല, കരകൗശല വില്‍പ്പന കേന്ദ്രം, മ്യൂസിയം, സൗരവേലി, സൂചനബോര്‍ഡുകള്‍, സുരക്ഷ കാമറ, മാലിന്യ സംസ്‌കരണ കേന്ദ്രം, മാതൃക കന്നുകാലി കേന്ദ്രം, മാതൃകാ കൃഷിത്തോട്ടം, സാംസ്‌കാരിക പരിപാടികള്‍ അവതരിപ്പിക്കാനുള്ള കേന്ദ്രം എന്നിവയാണ് പ്രധാനമായും പദ്ധതിയിലുള്‍പ്പെടുന്നത്. ആദ്യഘട്ടമായി സൗരവേലി സ്ഥാപിക്കുന്ന പരിപാടികള്‍ക്ക് ഉടന്‍ തുടക്കം കുറിക്കും. ഇതിനായി തുക അനുവദിക്കുമെന്ന് എം.പി അറിയിച്ചു.