റവന്യൂ ജീവനക്കാരുടെ കലോത്സവം: വട്ടപ്പാട്ടിൽ കോഴിക്കോട് ടീമിന് ഒന്നാം സ്ഥാനം

post


തൃശൂരിൽ നടന്ന റവന്യൂ ജീവനക്കാരുടെ സംസ്ഥാന കലോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ കോഴിക്കോട് കലക്ട്രേറ്റ് ടീമിന് ഒന്നാം സ്ഥാനം. വി.വി. പ്രഭാഷ്, പി.പി. രജിലേഷ്, കെ.എസ്. അനിത്ത്, സി.കെ. ജിജു, വി. വിപിൻ, ഹനസ്, ജിൽസുരാജ്, പി.സി. ഷിജീഷ്, സി.കെ. ജിതേഷ്, കെ. ദീപക് എന്നിവരടങ്ങുന്ന സംഘമാണ് വിജയിച്ചത്. വട്ടപ്പാട്ട് കാലാകാരൻ നാസർ കാവിലായിരുന്നു പരിശീലകൻ.


പങ്കെടുത്ത മിക്കയിനങ്ങളിലും കോഴിക്കോട് കലക്ട്രേറ്റിലെ ജീവനക്കാർ സമ്മാനം നേടി. ഷിജി, മശൂത, ടെസ്സി ജാനറ്റ്, സഫ്രീന, മുഷ്മില, അമൃത, ഷെറീന, ബ്ലെസി, ഹസീന, റോഷ്‌ന തുടങ്ങിയവർ അണിനിരന്ന ഒപ്പനയ്ക്ക് രണ്ടാം സ്ഥാനം ലഭിച്ചു. ഒപ്പന കലാകാരൻ ഉമ്മർ മാഷും ദുരന്തനിവാരണ സെല്ലിലെ എൻ.സി.ആർ.എം.പി കോ-ഓഡിനേറ്റർ റംഷിനയുമാണ് പരിശീലകർ.


നാടോടി നൃത്തത്തിലും (ഗ്രൂപ്പ്) ജില്ലയിലെ ടീം രണ്ടാം സ്ഥാനത്തെത്തി. ഓട്ടൻ തുള്ളലിൽ ദിലീപും, മാപ്പിളപ്പാട്ടിൽ ബ്ലെസി പി. അഗസ്റ്റിനും, ലളിതഗാനത്തിൽ വി. അഖിലയും രണ്ടാം സ്ഥാനം നേടി. ഭരതനാട്യത്തിൽ ദിവ്യശ്രീ, തബലയിൽ വി. ജിജിത്ത്, പെയിന്റിങിൽ എം.എം. വിജിന എന്നിവർ മൂന്നാം സ്ഥാനത്തിനർഹരായി. ഡിസാസ്റ്റർ മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടർ ഇ. അനിത കുമാരി കോഴിക്കോട് ജില്ലാ ടീമിനെ നയിച്ചു.


39 മത്സരയിനങ്ങളാണ് സംസ്ഥാന കലോത്സവത്തിൽ ഉണ്ടായിരുന്നത്. ജില്ലാ കലക്ടർമാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. തൃശൂർ ജില്ല ഓവറോൾ കിരീടം നേടി. കണ്ണൂർ, കോട്ടയം ജില്ലകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി.