'മാങ്ങാട്ടിടം' ബ്രാന്‍ഡ് കൂണ്‍ കൃഷി വിജയം; ഇനി കൂണ്‍ വിത്തുല്‍പ്പാദനം

ആദായകരമായ കൂണ്‍ കൃഷിയില്‍ സജീവമായി മാങ്ങാട്ടിടം ഗ്രാമപഞ്ചായത്തിലെ അറുപതിലേറെ കര്‍ഷകര്‍. മികച്ച വിളവെടുത്ത് ഉല്‍പ്പന്നം 'മാങ്ങാട്ടിടം' എന്ന ബ്രാന്‍ഡില്‍ വിപണിയിലേക്കെത്തിച്ച് കൂണ്‍ ഗ്രാമം പദ്ധതിയിലൂടെ വിജയഗാഥ രചിക്കുകയാണ് ഈ കര്‍ഷകര്‍. ഗുണമേന്മയുള്ള കൂണ്‍ വിത്തുകള്‍ക്കായി സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ചേര്‍ന്ന് വട്ടിപ്രം വെള്ളാനപ്പൊയിലില്‍ കൂണ്‍ വിത്തുല്‍പാദന യൂനിറ്റ് ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൂണ്‍ സ്വന്തമായി കൃഷി ചെയ്യാമെങ്കില്‍ വിത്തിനായി മറ്റുള്ളവരെ എന്തിന് ആശ്രയിക്കണമെന്ന ചോദ്യമാണ് സ്വന്തമായി കൂണ്‍ വിത്ത് ഉത്പാദനം ആരംഭിക്കാന്‍ പഞ്ചായത്തിന് പ്രേരണയായത്. കൃഷി വകുപ്പിന്റെ അഞ്ചു ലക്ഷം രൂപ ഇതിനായി വിനിയോഗിക്കും. കൂണ്‍ കര്‍ഷകനായ വട്ടിപ്രത്തെ സി രാജനാണ് യൂനിറ്റിന്റെ നടത്തിപ്പ് ചുമതല. ഇതിനാവശ്യമായ സബ്സിഡികളും സഹായവും നല്‍കും.
നിലവിലെ കര്‍ഷകര്‍ ഉള്‍പ്പെടെ 200 കുടുംബങ്ങളാണ് കൂണ്‍ഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. 100 ബഡ് കൃഷി ചെയ്യുന്നതിന് ഒരു കുടുംബത്തിന് 11,250 രൂപ ആനുകൂല്യം ലഭിക്കും. ഒരു കിലോക്ക് 500 രൂപ നിരക്കിലാണ് വില്‍പ്പന. മാങ്ങാട്ടിടം ബ്രാന്റ് എന്ന പേരിലാണ് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. കൂണില്‍ നിന്നും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വിപണിയില്‍ എത്തിക്കാന്‍ 15 അംഗ സൊസൈറ്റിയും രൂപീകരിക്കാനും ആലോചനയുണ്ട്.