കൈറ്റിന്റെ 'സ്‌കൂള്‍ വിക്കി'പുരസ്‌കാരം: സംസ്ഥാനത്ത് ഒളകര ജി.എല്‍.പിഎസിന് രണ്ടാം സ്ഥാനം

post

ജില്ലയില്‍ ഒന്നാമതെത്തിയത് വള്ളിക്കുന്ന് സി.ബി.എച്ച്.എസ്.എസ്

പൊതുവിദ്യാഭ്യാസ വകുപ്പില്‍ സ്‌കൂളുകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലായ സ്‌കൂള്‍ വിക്കിയില്‍ മികച്ച താളുകള്‍ ഏര്‍പ്പെടുത്തിയതിനുള്ള പുരസ്‌കാരങ്ങളില്‍ സംസ്ഥാന തലത്തില്‍ മലപ്പുറം ജില്ലയിലെ ഒളകര ജി.എല്‍.പിഎസിന് രണ്ടാംസ്ഥാനം. ജില്ലാ തലത്തില്‍ സി.ബി.എച്ച്.എസ് വള്ളിക്കുന്ന് സ്‌കൂളിന് ഒന്നാം സമ്മാനവും ജി.എച്ച്.എസ്.എസ് ഇരുമ്പുഴി, എസ്.ഒ.എച്ച്.എസ് അരീക്കോട് എന്നീ സ്‌കൂളുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി. 15000 സ്‌കൂളുകളെ കോര്‍ത്തിണക്കി വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയിലെ പ്രാദേശിക ഭാഷയിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരമായ 'സ്‌കൂള്‍ വിക്കി' സജ്ജമാക്കിയിട്ടുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍് (കൈറ്റ്) ആണ് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ജില്ലാതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ വീതം കാഷ് അവാര്‍ഡ് നല്‍കും. ഇതിനു പുറമെ ട്രോഫിയും പ്രശംസാപത്രവും ഈ സ്‌കൂളുകള്‍ക്ക് ലഭിക്കും.ഇന്‍ഫോ ബോക്സിന്റെ കൃത്യത, ചിത്രങ്ങള്‍, തനതു പ്രവര്‍ത്തനം, ക്ലബ്ബുകള്‍, വഴികാട്ടി, സ്‌കൂള്‍ മാപ്പ് തുടങ്ങിയ ഇരുപത് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് ചെയര്‍മാനായ സമിതി സംസ്ഥാനതലത്തില്‍ അവാര്‍ഡുകള്‍ നിശ്ചയിച്ചത്. ജില്ലാതലത്തില്‍ ശ്രദ്ധേയമായ താളുകള്‍ ഒരുക്കിയ 33 വിദ്യാലയങ്ങള്‍ക്കും കൈറ്റ് പ്രശംസാപത്രം നല്‍കും.ജൂലൈ ഒന്നിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അവാര്‍ഡുകള്‍ സമ്മാനിക്കും.