നിരോധിത വെളിച്ചെണ്ണയുടെ ഉത്പാദനവും വില്‍പ്പനയും ജില്ലയില്‍ കര്‍ശനമായി തടയും

post

നടപടികളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്

മലപ്പുറം : സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ വിവിധ ഘട്ടങ്ങളിലായി നിരോധനം ഏര്‍പ്പെടുത്തിയ വ്യാജ വെളിച്ചെണ്ണയുടെ ഉത്പാദനവും വിതരണവും ജില്ലയില്‍ കര്‍ശനമായി തടയുമെന്ന്  ജില്ലാ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി. ജയശ്രീ അറിയിച്ചു.  നിരോധിത വെളിച്ചെണ്ണ മറ്റ് ബ്രാന്‍ഡിലും ഇതര സംസ്ഥാനങ്ങളിലെ വെളിച്ചെണ്ണ കമ്പനികളുടെ പേരിലും മറ്റ് എണ്ണകളോടൊപ്പം ചേര്‍ത്തും വ്യാജ ചിത്രങ്ങള്‍ പതിപ്പിച്ചും വില്‍ക്കുന്നതായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അവ കര്‍ശനമായി പരിശോധിക്കുന്നതിനും വെളിച്ചെണ്ണ ഉത്പാദക/വിതരണക്കാരുടെ വിവരം ശേഖരിക്കുന്നതിനുമായി ഭക്ഷ്യ സുരക്ഷാ സര്‍ക്കിള്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.  പരിശോധനയില്‍ നിരോധിത ബ്രാന്‍ഡുകള്‍ കണ്ടെത്തുന്നപക്ഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അസി.കമ്മീഷണര്‍ അറിയിച്ചു.

വെളിച്ചെണ്ണ ഉത്പാദകരും വിതരണക്കാരും ഭക്ഷ്യ സുരക്ഷാ നിയമം അനുശാസിക്കുന്ന മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും ബ്രാന്‍ഡ് രജിസ്‌ട്രേഷന്റെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സിന്റെയും ശരിപകര്‍പ്പ് സ്ഥാപനത്തില്‍ സൂക്ഷിക്കുകയും പരിശോധനകള്‍ക്ക് വിധേയമാക്കുകയും വേണമെന്നും ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ നിര്‍ദേശിച്ചു.

സംസ്ഥാനത്തെ വെളിച്ചെണ്ണ ഉത്പാദകര്‍ ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഉപയോഗിച്ച് ഒരു ബ്രാന്‍ഡ് നെയിമിലുളള വെളിച്ചെണ്ണ മാത്രമേ നിര്‍മ്മിക്കാവൂ. സംസ്ഥാനത്തിന് പുറത്ത് ഉല്പാദിപ്പിക്കുന്ന വെളിച്ചെണ്ണ സംസ്ഥാനത്തിനുളളില്‍ വിതരണം ചെയ്യുന്നവര്‍ ജില്ലാ അധികാരിയുടെ മുന്‍പാകെ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. അത്തരം സ്ഥാപനങ്ങളുടെ ഒരു ബ്രാന്‍ഡു മാത്രമേ സംസ്ഥാനത്തിനുളളില്‍ വിതരണം ചെയ്യാന്‍ അനുവദിക്കുകയുളളൂ.

2020 മാര്‍ച്ച് അഞ്ചിന് മുന്‍പ് ജില്ലയില്‍ ഉത്പാദനം/വിതരണം നടത്തുന്ന വെളിച്ചെണ്ണയുടെ ബ്രാന്‍ഡ് നെയിം ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ മുമ്പാകെ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷന്‍ ചെയ്യാനായി വരുന്നവര്‍ എഫ്.എസ്.എസ്.എ.ഐ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ശരി പകര്‍പ്പ്, ബ്രാന്‍ഡ് നെയിം തെളിയിക്കുന്നതിനുളള രേഖ, പഞ്ചായത്ത്/മുന്‍സിപ്പാലിറ്റി ലൈസന്‍സ് എന്നിവ ഹാജരാക്കണം. 2020 മാര്‍ച്ച് 15ന് ശേഷം രജിസ്റ്റര്‍ ചെയ്യാത്ത വെളിച്ചെണ്ണ ബ്രാന്‍ഡുകള്‍ നിര്‍മ്മിക്കുകയോ, വില്‍ക്കുകയോ, സൂക്ഷിക്കുകയോ, വിതരണം ചെയ്യുകയോ ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.   142 വ്യാജ വെളിച്ചെണ്ണ ബ്രാന്‍ഡുകളാണ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ഇതുവരെ നിരോധിച്ചിട്ടുള്ളത്. നിരോധിത ഉല്പന്നങ്ങളുടെയും അംഗീകൃത ഉല്പന്നങ്ങളുടെയും വിവരങ്ങള്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ ഔദ്യോഗിക വൈബ്‌സൈറ്റില്‍ ലഭിക്കും.