വിസ്മയിപ്പിക്കും വെർച്വൽ അനുഭവങ്ങൾ; മേളയിലും കിഫ്ബിയാണ് താരം

തൃശൂർ: നാടിന്റെ മുഖഛായമാറ്റുന്ന വികസന നിർമിതികളുടെ വെർച്വൽ റിയാലിറ്റി അനുഭവമൊരുക്കി എന്റെ കേരളം പ്രദർശനമേളയിൽ താരമായി കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഇൻവെസ്റ്റ്മെന്റ് ബോർഡ്). ജില്ലയുടെ കായിക സ്വപ്നങ്ങൾക്ക് ചിറക് നൽകുന്ന ഐ എം വിജയൻ ഇൻഡോർ സ്റ്റേഡിയത്തിനൊപ്പം ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ, അളഗപ്പനഗർ തിയറ്റർ കോംപ്ലക്സ് തുടങ്ങി നിർമിതികളുടെ വെർച്വൽ റിയാലിറ്റി ആണ് പ്രദർശന മേളയിൽ സന്ദർശകരെ കാത്തിരിക്കുന്നത്.
സ്റ്റാളിൽ ഒരുക്കിയിരിക്കുന്ന ത്രിഡി സംവിധാനത്തിലൂടെ പദ്ധതികളുടെ പൂർണരൂപം യാഥാർത്ഥ്യം പോലെ ആസ്വദിക്കാനാകുമെന്നതാണ് കുട്ടികളെയും മുതിർന്നവരെയും ഒരു പോലെ കിഫ്ബിയിലേയ്ക്ക് ആകർഷിക്കുന്നത്. തൃശൂർ ജില്ലയിൽ കിഫ്ബി പിന്തുണയോടെ ഒരുങ്ങുന്ന പദ്ധതികളുടെ ഫിസിക്കൽ മോഡലുകളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ കിഫ്ബി സഹായത്താൽ വരാനിരിക്കുന്ന പദ്ധതികളുടെ വിശദവിവരങ്ങൾ അറിയാനായി തയ്യാറാക്കിയ 'ജിയോഗ്രഫിക്കൽ ഇൻഫർമേഷൻ സിസ്റ്റം' ഇവിടെ പ്രദർശനത്തിനുണ്ട്. ജൂൺ ആദ്യവാരം മുതൽ പൊതുജനങ്ങൾക്കും ഈ സേവനം ലഭ്യമാകും. ഭൂമിയുടെ ലൊക്കേഷൻ അടിസ്ഥാനമാക്കിയാണ് എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നത്. പുരോഗമിക്കുന്ന കിഫ്ബി പദ്ധതികളുടെ പരിശോധനക്കായുള്ള അത്യാധുനിക സജ്ജീകരണങ്ങളുള്ള രണ്ട് വാഹനങ്ങൾ മേളയുടെ ഭാഗമായി പ്രദർശനത്തിനുണ്ട്. നിർമ്മാണ രംഗത്തെ നൂതന സാങ്കേതികവിദ്യകൾ പരിചയപ്പെടാൻ വിദ്യാർത്ഥികളുടെയും സാങ്കേതിക വിദഗ്ധരുടെയും ഒഴുക്കാണ് കിഫ്ബി സ്റ്റാളിലേയ്ക്ക്. നാളെയുടെ നിർമിതികളെ കുറിച്ച് ആഴത്തിൽ അറിയാനെത്തുന്ന എൻജിനീയറിംഗ് വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും വിവരങ്ങൾ കാണിച്ചും പറഞ്ഞും വിശദമാക്കാൻ പരിശീലനം നേടിയ ഉദ്യോഗസ്ഥരും സ്റ്റാളിൽ സജ്ജമാണ്.
വരൂ.. കാണാം..കിഫ്ബി ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ്
കിഫ്ബിയുടെ മൊബൈല്‍ ക്വാളിറ്റി മാനേജ്മെന്റ് യൂണിറ്റ് സംവിധാനത്തെ പരിചയപ്പെടുത്തുകയാണ് എന്റെ കേരളം പ്രദർശന വിപണന മേള. സാധാരണ നിലയിൽ ലാബിന്റെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണാനോ മനസിലാക്കാനോ ഉള്ള സൗകര്യമില്ല. എന്നാൽ എന്റെ കേരളം പ്രദർശന മേളയിൽ എത്തുന്നവർക്ക് ലാബ് കാണാനുള്ള അവസരം ലഭിക്കും. കിഫ്ബി ഫണ്ട് ചെയ്യുന്ന പ്രൊജക്ടുകളുടെ നിലവാരം പരിശോധിക്കുന്നതിന് വേണ്ടിയുള്ള മൊബൈൽ ലാബ് ആണിത്. കേരളത്തിൽ ഇങ്ങനെ ഒരു മൊബൈൽ യൂണിറ്റ് വേറെ ഇല്ല. ആധുനികമായ എൻ ഡി ടി (നോൺ ഡിസ്ട്രക്ടീവ് ടെസ്റ്റിംഗ് ) എക്യുപ്പ്മെന്റുകളാണ് ലാബിൽ ഉപയോഗിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥർക്ക് എവിടെ ഇരുന്നും പദ്ധതിയുടെ പുരോഗതി വിലയിരുത്താൻ ക്യാമറകൾ, നിർമ്മാണ സാമഗ്രികളുടെയും മറ്റും നിലവാരം പരിശോധിക്കാനുള്ള ഉപകരണങ്ങൾ തുടങ്ങിയവ ലാബിലുണ്ട്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ, നോൺ ന്യൂക്ലിയർ ഡെൻസിറ്റി ഗേജ്, റീബൗണ്ട് ഹാമ്മർ, അൾട്രാ സോണിക് പൾസ് വെലോസിറ്റി ടെസ്റ്റർ, റീബാർ ലൊക്കേറ്റർ, വാട്ടർ ക്വാളിറ്റി അനലൈസർ, ഫാളിങ് വെയ്റ്റ് ഡിഫ്ലക്ട്ടോമീറ്റർ, ഓട്ടോമാറ്റിക് ട്രാഫിക് കൗണ്ടർ, റഫ്നസ് ഇൻഡിക്കേറ്റർ തുടങ്ങി നിരവധി ഉപകരണങ്ങളും ലാബിൽ സജ്ജമാണ്. ഉദ്യോഗസ്ഥര്‍ക്ക് തത്സമയം വീക്ഷിക്കുന്നതിനായി കിഫ്ബി ഹെഡ് ക്വാര്‍ട്ടേഴ്സില്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയും ഒരുക്കിയിട്ടുണ്ട്. അതിലൂടെ പ്രോജക്ട് സൈറ്റില്‍ നിന്ന് ഓട്ടോലാബ് വഴി പ്രവര്‍ത്തനങ്ങള്‍ തത്സമയം ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോയിലൂടെ വിലയിരുത്താനും സാധിക്കും.