ജില്ലാ ലൈബ്രറി കൗണ്‍സിലിന് അഞ്ച് കോടി രൂപയുടെ ബജറ്റ്

post

മലപ്പുറം: ജില്ലയിലെ 535 ലൈബ്രറികളുടെ വികസനത്തിനുള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വാര്‍ഷിക പൊതുയോഗത്തില്‍ രൂപരേഖയായി.  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2022-23 വര്‍ഷത്തെ അഞ്ച്  കോടി രൂപയുടെ ബജറ്റ് കൗണ്‍സില്‍ അംഗീകരിച്ചു. ലൈബ്രറികളില്‍ വനിതാവേദി, ബാലവേദി, യുവജനവേദി, വയോജനവേദി എന്നിവ കാര്യക്ഷമമാക്കാനും കരിയര്‍ ഗൈഡന്‍സ് സെന്റര്‍, താലൂക്ക് റഫറന്‍സ് ലൈബ്രറി അക്കാദമിക് സ്റ്റഡി സെന്റര്‍, മോഡല്‍ വില്ലേജ് ലൈബ്രറി, ആശുപത്രി ലൈബ്രറി,  വനിതാ വയോജന പുസ്തക വിതരണ പദ്ധതി, ബ്രയിലി ശ്രാവ്യ ലൈബ്രറി, പുസ്തകകൂട് എന്നിവക്കും ബജറ്റില്‍ തുക വകയിരുത്തി.  ലൈബ്രറികള്‍ക്ക് പ്രവര്‍ത്തന ഗ്രാന്റിന്  25 ലക്ഷം രൂപയും നീക്കിവച്ചു. ഹെര്‍മിറ്റേജ് ലൈബ്രറി, ജില്ലാ താലൂക്ക് ഓഫീസുകളുടെ ആധുനികവല്‍ക്കരണം, ചരിത്രോത്സവം, എന്നിവയും ലൈബ്രറികള്‍ മുഖേന നടപ്പാക്കും. ട്രൈബല്‍ ലൈബ്രറികളിലെ അംഗങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാവശ്യമായ കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, പ്രൊജക്ടര്‍ എന്നിവ ലഭ്യമാക്കും. ഇതിന് പുറമെ ജില്ലയിലെ ലൈബ്രറികള്‍ക്ക് വാര്‍ഷിക ഗ്രാന്റായി 91 ലക്ഷം രൂപയും, ലൈബ്രേറിയന്‍ അലവന്‍സായി 2.5 കോടി രൂപയും വകയിരുത്തി.

പെരിന്തല്‍മണ്ണ സബ് ജയില്‍,തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ ലൈബ്രറി സര്‍വ്വീസ് ആരംഭിക്കുന്നതിനും മലബാര്‍ സമര ശതാബ്ദി ചരിത്ര ലൈബ്രറി ഗവേഷണ കേന്ദ്രം തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കും തുക വകയിരുത്തിയിട്ടുണ്ട്.വാര്‍ഷിക പൊതുയോഗം ജില്ലാ ലൈബ്രറി ഹാളില്‍  ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം കെ. ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ മുന്‍കാല നേതാക്കളുടെ ഫോട്ടോ അനാച്ഛാദനം എന്‍. പ്രമോദ് ദാസ് നിര്‍വ്വഹിച്ചു. സര്‍വീസില്‍ നിന്നും വിരമിച്ച എം. അബ്ദുറഹ്‌മാന് കെ.പദ്മനാഭന്‍ ഉപഹാരം സമ്മാനിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ. കെ.കെ ബാലചന്ദ്രന്‍ 2021-22 വര്‍ഷത്തെ വരവ് ചെലവ് കണക്ക് 2022-23 വര്‍ഷത്തെ ബ്ജറ്റ് എന്നിവ അവതരിപ്പിച്ചു. ക.പി.രമണന്‍,കെ.വി.ബാലകൃഷ്ണന്‍, കെ.പി,സോമനാഥന്‍മാസ്റ്റര്‍, കെ.എ.ശറഫുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു