സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും സപ്ലൈകോ ഗോഡൗണുകള്‍
കൊല്ലം: സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ആധുനികവത്ക്കരിച്ച സപ്ലൈകോ ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര് അനില്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എന്‍.എഫ്.എസ്.എ ഗോഡൗണ്‍, സുഭിക്ഷാ ഹോട്ടല്‍ എന്നിവയുടെ ഉദ്ഘാടനം സപ്ലൈകോ മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ശീതീകരിച്ച ഗോഡൗണുകള്‍ പരിഗണനയിലാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. താലൂക്ക് സപ്ലൈ ഓഫീസ്, ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്ട്രോളര് ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്‍ നിന്നും പച്ചക്കറി ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് വിതരണം നടത്തുന്നതിനായാണ് ശീതീകരിച്ച ഗോഡൗണ്‍ പരിഗണനയിലുള്ളത്. ഗുണനിലവാരമുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷ്യധാന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനായി ഡിജിറ്റല്‍ കാര്‍ഡ് സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സപ്ലൈകോ കൊല്ലം ഡിപ്പോ കോമ്പൗണ്ടില്‍ 21162 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഗോഡൗണ്‍ നിര്‍മിച്ചിട്ടുള്ളത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷാ ഹോട്ടലില്‍ നിന്നും 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാകും.