കൊല്ലത്തിന്റെ സമഗ്ര വികസനത്തിന് കോര്‍പ്പറേഷന്റെ മാസ്റ്റര്‍ പ്ലാന്‍

post


കൊല്ലം: കൊല്ലം നഗരത്തിന്റെ അടുത്ത ഇരുപത് വര്‍ഷത്തെ സുസ്ഥിരവും സമഗ്രവുമായ വികസനം വിഭാവനം ചെയ്യുന്ന  മാസ്റ്റര്‍ പ്ലാന്‍  കോര്‍പ്പറേഷനില്‍ മേയര്‍ പ്രസന്ന ഏണസ്റ്റ് അവതരിപ്പിച്ചു. അമൃത് പദ്ധതിയുടെ പ്രധാന ദൗത്യങ്ങളായ ശുദ്ധജലവിതരണം, മലിനജല സംസ്‌കരണം, മഴവെള്ള നിര്‍ഗമനം, ഹരിതാഭമായ സ്ഥലങ്ങള്‍ നിര്‍മിക്കല്‍, യന്ത്രവല്‍കൃതമല്ലാത്ത ഗതാഗത സംവിധാനങ്ങള്‍ എന്നിവയ്ക്ക് പുറമേ നഗരത്തിന്റെ ഭൂമിശാസ്ത്രവും സാംസ്‌കാരികവുമായ പ്രത്യേകതകളും കൂടി കണക്കിലെടുത്തുകൊണ്ടുള്ള കാലികപ്രസക്തമായ മാസ്റ്റര്‍ പ്ലാനാണ് അവതരിപ്പിച്ചത്.

ജലാശയങ്ങള്‍ ഉള്‍പ്പെടുന്ന പരിസ്ഥിതി പ്രാധാന്യമുള്ള പ്രദേശങ്ങള്‍ സംരക്ഷിച്ചു കൊണ്ടും മത്സ്യബന്ധനം, വ്യവസായം വിനോദസഞ്ചാരം, കൊല്ലം പോര്‍ട്ടിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തിയുള്ള വാണിജ്യം മുതലായവയുടെ വികസനത്തിന് ആക്കം  കൂട്ടുന്നതിനുള്ള നിര്‍ദ്ദേശങ്ങളും മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമാക്കി പുതിയ ബസ്സ് സ്റ്റാന്‍ഡ്, നിലവിലെ ജംഗ്ഷനുകളുടെ വികസനം, നിലവിലെ റോഡുകളുടെ വികസനം, മോട്ടോര്‍ രഹിത പാതകള്‍, ട്രക്ക് ടെര്‍മിനല്‍, കണ്ടച്ചിറ ടൂറിസം കേന്ദ്രം, പരിസ്ഥിതി സൗഹൃദ നടപ്പാത, ലേക്ക് ഫ്രണ്ട് ടൂറിസം പ്രമോഷന്‍ മേഖല, പൈതൃക തെരുവ്, തങ്കശ്ശേരി പൈതൃക മേഖല, ജലാശയങ്ങളുടെ നവീകരണവും സൗന്ദര്യ വല്‍ക്കരണവും, കിളികൊല്ലൂര്‍ തോട്, ശുചിത്വ പാര്‍ക്ക്, ഓഷ്യനേറിയം, നീന്തല്‍ക്കുളം,മൊബിലിറ്റി ഹബ്ബും മിനി സാറ്റലൈറ്റ് സ്റ്റേഷനുകള്‍ എന്നീ പദ്ധതികളിലൂടെ കൊല്ലം പട്ടണത്തിന്റെ പ്രൗഢി  തിരിച്ചുപിടിക്കാന്‍ ആവശ്യമായ  നിര്‍ദേശങ്ങളാണ് മുന്നോട്ടുവച്ചിരിക്കുന്നത്. നഗര-ഗ്രാമാസൂത്രണ ആക്ടിലെ വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് പ്ലാന്‍ രൂപപ്പെടുത്തിയത്.  
വികസനത്തിന് സ്ഥലപരമായ ആസൂത്രണ വികസന രൂപരേഖ തയാറാക്കിയത് എന്‍.ആര്‍. എസ്.സി (നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്റര്‍,ഹൈദരാബാദ്)യില്‍ നിന്നും ലഭ്യമാക്കി ഉപഗ്രഹ മാപ്പ് ഉപയോഗിച്ചാണ്.