പട്ടയമേള: 831 പേര്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു

post

ജില്ലയില്‍ 831 പേര്‍ കൂടി ഭൂമിയുടെ അവകാശികളാകുന്നു

തിരൂര്‍ റവന്യൂ ഡിവിഷനിലെ പട്ടയമേള ഏപ്രില്‍  22ന്

'എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്' എന്ന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി ജില്ലതല  പട്ടയമേളയുടെ ഒന്നാം ഘട്ടത്തിന് ഏപ്രില്‍  22ന് തിരൂര്‍ റവന്യൂ ഡിവിഷനില്‍  തുടക്കമാവും. തൃക്കാവ് മാസ്  ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പതിന് നടക്കുന്ന പട്ടയമേള റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍ പട്ടയം കൈമാറി ഉദ്ഘാടനം ചെയ്യും. ഇതോടെ ജില്ലയിലെ  831 കുടുംബങ്ങള്‍ക്കുകൂടി സ്വന്തം പേരില്‍ ഭൂമി ലഭിക്കും. തിരൂര്‍ ആര്‍.ഡി.ഒക്ക് കീഴിലെ പൊന്നാനി, തിരൂര്‍, തിരൂരങ്ങാടി താലൂക്കിലെ ഗുണഭോക്താക്കള്‍ക്കാണ് ആദ്യഘട്ടത്തില്‍ പട്ടയം കൈമാറുക.


മിച്ചഭൂമി പട്ടയം, കെഎസ്ടി പട്ടയം, ഭൂമി പട്ടയം, ലക്ഷംവീട് പട്ടയം എന്നീ വിഭാഗങ്ങളിലായാണ് പട്ടയങ്ങള്‍ നല്‍കുക. പൊന്നാനിയില്‍ 92 പേര്‍ക്കും തിരൂരില്‍ 411 പേര്‍ക്കും തിരൂരങ്ങാടിയില്‍ 328  പേര്‍ക്കും പട്ടയം ലഭിക്കും. പി. നന്ദകുമാര്‍ എം.എല്‍.എ അധ്യക്ഷനാകും. കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ജില്ലയില്‍ നിന്നുള്ള എം.എല്‍.എമാര്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.