കോരങ്ങത്ത് - മാനിരി പട്ടിക ജാതി കോളനികളില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതി

post


മലപ്പുറം: നിറമരുതൂര്‍ പഞ്ചായത്തിലെ കോരങ്ങത്ത് പട്ടികജാതി കോളനിയിലെയും മുതുവല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മാനിരി പട്ടികജാതി കോളനിയിലെയും അംബേദ്കര്‍ ഗ്രാമം പദ്ധതികള്‍ പൂര്‍ത്തീകരിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കര്‍ ഗ്രാമപദ്ധതി പ്രകാരം ഒരു കോടി രൂപ ചെലവഴിച്ചാണ് കോരങ്ങത്ത് പട്ടികജാതി കോളനിയിലെ കുടിവെള്ള പദ്ധതി, നടപ്പാത നിര്‍മാണം, സംരക്ഷണ ഭിത്തി നിര്‍മ്മാണം, സോളാര്‍ ലൈറ്റ് സ്ഥാപിക്കല്‍, ഭവന പുനരുദ്ധാരണം, പ്രവേശന കവാടം തുടങ്ങിയ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചത്. മാനിരി പട്ടികജാതി കോളനിയില്‍ 70.40 ലക്ഷം രൂപ ഉപയോഗിച്ച് വിവിധ റോഡുകളുടെ നിര്‍മാണമാണ് പൂര്‍ത്തീകരിച്ചത്. കൂടാതെ പട്ടികജാതി വികസന വകുപ്പും കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തും വിദ്യാര്‍ഥികള്‍ക്കായി പഠന മുറികളും നിര്‍മിച്ച് നല്‍കി.

വിവാഹ ധനസഹായ പദ്ധതി

ജില്ലയിലെ പട്ടികജാതി വിഭാഗങ്ങള്‍ക്ക് വിവാഹ ധനസഹായ പദ്ധതി പ്രകാരം 863 പേര്‍ക്ക് 6.47 കോടി രൂപയാണ് അനുവദിച്ചത്. മിശ്ര വിവാഹ ധനസഹായ പദ്ധതി ഇനത്തില്‍ 57 പേര്‍ക്ക് 42.5 ലക്ഷം രൂപയും നല്‍കി.

ചികിത്സാ ധനസഹായം

ചികിത്സാ ധനസഹായമായി 825 പേര്‍ക്ക് 2.78 കോടി രൂപയും പട്ടികജാതി കുടുംബങ്ങളിലെ ഏക വരുമാനദായകന്‍ മരണപ്പെട്ടാല്‍ കുടുംബത്തിന് ധനസഹായം നല്‍കുന്ന പദ്ധതി പ്രകാരം 165 പേര്‍ക്ക് 2.42 കോടി രൂപയുമാണ് ജില്ലയില്‍ അനുവദിച്ചത്.