കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ് പദ്ധതി; കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം

post

ജില്ലയില്‍ ജനുവരി വരെ പദ്ധതിയില്‍ 3,78,07310 രൂപ അനുവദിച്ചു

മലപ്പുറം: കാര്‍ഷിക വിളകള്‍ക്ക് അടിസ്ഥാന വില പ്രഖ്യാപിച്ചുള്ള 'കേരള ഫാം ഫ്രഷ് ഫ്രൂട്ട്‌സ് ആന്‍ഡ് വെജിറ്റബിള്‍സ്' പദ്ധതിയില്‍ കര്‍ഷകര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. കര്‍ഷകന് വിളയുടെ ഉത്പാദനത്തില്‍ നിന്ന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ വിലയാണ് അടിസ്ഥാന വിലയായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020 നവംബര്‍ മുതല്‍ നടപ്പിലാക്കി വരുന്ന ഈ പദ്ധതിയില്‍  2022 ജനുവരി വരെ ജില്ലയില്‍ 2293 കര്‍ഷകര്‍ക്ക് 3,78,07310 രൂപ അനുവദിച്ചിട്ടുണ്ട്. പതിനാറ് ഇനം കാര്‍ഷിക വിളകളാണ് ഉള്‍പ്പെടുന്നത്.

കര്‍ഷകര്‍ക്ക് വില സ്ഥിരതയും മികച്ച വരുമാനവും ഉറപ്പിക്കാനും ഈ പദ്ധതി സഹായകമാവും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ വി.എഫ്.പി.സി.കെ, ഹോര്‍ട്ടി കോര്‍പ്പ്, എക്കോ ഷോപ്പ്, എഗ്രേഡ് ക്ലസ്റ്റര്‍ മാര്‍ക്കറ്റ് എന്നിവ വഴിയാണ് വിളകള്‍ ശേഖരിക്കുക. ജില്ലയില്‍ നേന്ത്രന്‍, കപ്പ, വെള്ളരി, കുമ്പളം, പയര്‍, കൈപ്പ എന്നീ ഇനങ്ങള്‍ക്കാണ് പദ്ധതി ആനുകൂല്യം ലഭ്യമാവുക. അടിസ്ഥാന വില ലഭിക്കുമെന്നതിനാല്‍ കര്‍ഷകനുണ്ടാകുന്ന നഷ്ടം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലൂടെ തടയാന്‍ കഴിയും.  കര്‍ഷകര്‍ക്ക് വിലസ്ഥിരതയും മികച്ച വരുമാനം ഉറപ്പാക്കാനും വിപണിവിലയില്‍ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെടണം.