സർക്കാർ സേവനങ്ങൾ കുടക്കീഴിലാക്കി 'എന്റെ കേരളം'

കണ്ണൂർ: എന്റെ കേരളം മെഗാ എക്സിബിഷനിൽ ജനങ്ങൾക്ക് വേണ്ട സേവനങ്ങൾക്കായി സ്റ്റാളുകൾ ഒരുക്കി വിവിധ വകുപ്പുകൾ . ഒട്ടേറെ ആളുകളാണ് ദിനം പ്രതി ഈ സ്റ്റാളുകൾ പ്രയോജനപ്പെടുത്തുന്നത്. കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അസാപ്പ് കോളേജ് വിദ്യാർഥികൾക്കും പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും തൊഴിൽ നൈപുണ്യ വികസനത്തിന്റെ ഭാഗമായി, തൊഴിൽ സജ്ജരാക്കാൻ മേളയിൽ നാല് ശാഖകളായുള്ള സേവനങ്ങൾ നൽകുന്നുണ്ട്. ഐ ടി - ഐ ടി ഇ എസ്, ബാങ്കിങ്, മീഡിയ, പവർ, ഭാഷാ വികസനം എന്നിവയുമായി ബന്ധപ്പെട്ട് ഡിഗ്രി പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് വേണ്ട എല്ലാ വിവരങ്ങളും നൽകുന്നു. കൂടാതെ കൗൺസിലിംഗ്, റിക്രൂട്ട്മെന്റ് പോർട്ടലിൽ രജിസ്ട്രേഷൻ തുടങ്ങിയവയും നടത്തുന്നുണ്ട്. പതിനാലിലധികം നൂതന മേഖലകളിൽ നൂറിലധികം സമകാലിക കോഴ്സുകളാണ് ഇവർ വാഗ്ദാനം ചെയ്യുന്നത്. ദിനംപ്രതി നിരവധി വിദ്യാർഥികളാണ് ഈ സേവനം ഉപയോഗപ്പെടുത്തുന്നത്.
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മേഖലാ രോഗ നിർണയ ലബോറട്ടറിയിൽ സൗജന്യമായി കുടിവെള്ള സാമ്പിൾ പരിശോധിക്കുന്നത് പൊതുജനങ്ങൾക്ക് ഏറെ സഹായകരമായി. കോളിഫോം ബാക്ടീരിയ, ടോട്ടൽ ഹാർഡ്നസ്, ക്ലോറൈഡ്സ്, ആൽക്കലിനിറ്റി, വെള്ളത്തിന്റെ പിഎച്ച് എന്നിവയാണ് ഇവിടെ പരിശോധിക്കുന്നത്. ലാബുകളിൽ 2500 രൂപ വരുന്ന ഈ പരിശോധന സൗജന്യമായാണ് മേളയിൽ സജ്ജമാക്കിയത്. ദിവസേന 35 ഓളം സാമ്പുകളാണ് പരിശോധയ്ക്കായി ലഭിക്കുന്നുത്.
ഐ ടി മിഷന്റെ കീഴിൽ ഒരുക്കിയ അക്ഷയ കേന്ദ്രത്തിൽ തിരക്കേറുകയാണ്. ആധാറുമായി ബന്ധപ്പെട്ട സേവനങ്ങൾ, പാസ്പോർട്ട്, പാൻ കാർഡ്, വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് ആവിശ്യക്കാർ ഏറെയാണ്. കണ്ണൂർ ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട അക്ഷയ സംരഭകരാണ് സ്റ്റാളിൽ സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
ബി എസ് എൻ എൽ സ്റ്റാളിൽ കൂടുതലായും ആവശ്യക്കാർ എത്തുന്നത് പുതിയ സിം കാർഡ് എടുക്കാനാണ്. എം എൻ പി പോർട്ടിങ്, എഫ് ടി ടി എച്ച്, മൊബൈൽ റീചാർജ്, സിം ഡ്യൂപ്ലിക്കേഷൻ എന്നീ സേവനങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

ജില്ലാ പഞ്ചായത്തിനു കീഴിലുള്ള ഇൻവെസ്റ്റേഴ്സ് ഡെസ്കിൽ ഇതുവരെയായി നൂറിലലധികം പുതിയ സംരംഭകർ രജിസറ്റർ ചെയ്തു കഴിഞ്ഞു. വ്യവസായങ്ങൾ ആരംഭിക്കുന്നതിന് വിവിധ വകുപ്പുകൾ നടപ്പിലാക്കി വരുന്ന പദ്ധതികളെ പരിചയപ്പെടുത്തുക, ജില്ലയിലെ സംരംഭം തുടങ്ങുന്നതിന് ആവശ്യമായ ലൈസൻസുകൾ, ക്ലിയറൻസുകൾ, മറ്റ് സേവനങ്ങൾ എന്നിവ വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കുന്നതിന് സഹായിക്കുക തുടങ്ങിയ പത്തോളം സേവനങ്ങളാണ് ഈ സ്റ്റാളിൽ ലഭ്യമാവുക.