'എന്റെ കേരളം' പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണം

post


പാലക്കാട്‌: 'എന്റെ കേരളം' പ്രദര്‍ശന വിപണന മേള ജനങ്ങള്‍ക്ക് ഉപകാരപ്രദമാകണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഭരണകൂടം, വ്യവസായം, കൃഷി എന്നീ വകുപ്പുകളുടെ സഹകരണത്തോടെ ഏപ്രില്‍ 28 മുതല്‍ മെയ് നാലുവരെ 'എന്റെ കേരളം' എന്ന പേരില്‍ ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശന വിപണന മേള വിപുലമായി നടത്തുന്നതിന്റെ ഭാഗമായി നടന്ന സംഘാടക സമിതി-ഉദ്യോഗസ്ഥതല  യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ ഡാമുകള്‍, ടൂറിസം, വനം എന്നിവയെ ബന്ധിപ്പിച്ചു കൊണ്ടുള്ള സ്റ്റാളുകള്‍ ചെയ്യുന്നതിന് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇത്തരത്തിലുള്ള ആശയങ്ങള്‍ ഭാവിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. കൃഷിക്കാരന് കൃഷിക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ പ്രിസിഷന്‍ ഫാമിങ്, മൈക്രോ ഇറിഗേഷന്‍ സ്‌കീമുകള്‍, ശാസ്ത്രീയ കൃഷി തുടങ്ങിയ ഉള്‍പ്പെടുത്തിയുള്ള സ്റ്റാള്‍ ഉള്‍പ്പെടുത്താനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. അതോടൊപ്പം ഓരോ മേഖകളുടെ സ്റ്റാളുകള്‍ക്കും പുതിയ സാധ്യതകളെക്കുറിച്ച് ജനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ കഴിയണം എന്നും മന്ത്രി പറഞ്ഞു.

കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ.ഉണ്ണികൃഷ്ണന്‍ വിഷയാവതരണം നടത്തി. പാലക്കാടിന്റെ സവിശേഷകള്‍ എടുത്തു കാണിക്കുന്ന തരത്തിലുള്ള സ്റ്റാളുകളും സെമിനാറുകളുമാണ് സജ്ജമാക്കുന്നതെന്ന് വിഷയം അവതരിപ്പിച്ചുകൊണ്ട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയ.കെ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. 56000 സ്‌ക്വയര്‍ഫീറ്റിലാണ് സ്റ്റാളുകള്‍ സജ്ജമാക്കുന്നത്. വിവിധ വകുപ്പുകളോടൊപ്പം സ്വകാര്യ കമ്പനികളുമായി സഹകരിച്ചും പ്രദര്‍ശന വിപണനമേളയില്‍ സ്റ്റാളുകള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ടെന്നും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പറഞ്ഞു.  ഭാവിയില്‍ ഉപകാരപ്രദമാകുന്ന രീതിയിലായിരിക്കണം സ്റ്റാളുകള്‍ തിരഞ്ഞെടുക്കേണ്ടത് എന്ന് അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ പറഞ്ഞു. ഇലക്ട്രിക് ചാര്‍ജ്ജിങ് സ്റ്റേഷന്‍, നെല്ലിയാമ്പതി റെസ്പോണ്‍സിബിള്‍ ടൂറിസം, ശിരുവാണി പദ്ധതി പോലെ അസംബ്ലി മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നടന്നുവരുന്ന പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചുള്ള സ്റ്റാളുകള്‍ സജ്ജീകരിക്കാവുന്നതാണെന്നും അഡ്വ. കെ. ശാന്തകുമാരി എം.എല്‍.എ കൂട്ടിച്ചേര്‍ത്തു. ആലത്തൂരില്‍ നടപ്പാക്കി വരുന്ന നിറ പദ്ധതി സ്റ്റാള്‍ ഉള്‍പ്പെടുത്തണമെന്ന് കെ.ഡി പ്രസേനന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. പട്ടാമ്പി നെല്ലു ഗവേണ കേന്ദ്രത്തിന്റെ പുതിയ കണ്ടുപിടുത്തങ്ങള്‍, വിവരങ്ങള്‍ കര്‍ഷകര്‍ക്ക് പരിചയപ്പെടുത്താവുന്ന രീതിയില്‍ സ്റ്റാളില്‍ ഉള്‍പ്പെടുത്താമെന്ന് മുഹമ്മദ് മുഹ്സിന്‍ എം.എല്‍.എ പറഞ്ഞു. പ്രദര്‍ശനവിപണന മേള ആകര്‍ഷകമായ രീതിയില്‍ നടത്തണമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി പറഞ്ഞു. എല്ലാ വകുപ്പുകളും അവശേഷിക്കുന്ന പ്രവൃത്തി ദിവസങ്ങളില്‍ പരമാവധി മികച്ചരീതിയില്‍ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.