ആഴ്ചതോറും പണം; ജീവിതവഴിയിലെ വിജയവുമായി വനിതാ കൂട്ടായ്മ

post


 കൊല്ലം: പ്രായം വെല്ലുവിളിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ് സാന്ത്വനം വയോജന അയല്‍ക്കൂട്ടം. വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ വിജയവഴിയില്‍ 60 വയസ്സ്  മുതല്‍ 90 വരെയുള്ള സ്ത്രീകളുണ്ട്. ജീവിത സായാഹ്നത്തിലും സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമെന്ന് പറയാതെ പറയുന്ന പെണ്‍കൂട്ടായ്മയാണിത്. അധ്വാനത്തിന്റെ കരുത്തില്‍ ഇവര്‍ തീര്‍ക്കുന്നത് ഒരു പിടി നാടന്‍ ഉത്പന്നങ്ങള്‍.  
രുചികരമായ അച്ചാറുകള്‍, അവലോസ്‌പൊടി, അരിയുണ്ട, അവല്‍, നാടന്‍ വെളിച്ചെണ്ണ, ധാന്യപ്പൊടികള്‍, കയറില്‍ തയാറാക്കിയ ഉറി, തെങ്ങോലചൂല്‍ എന്നിവയാണ് ഇവര്‍ തയാറാക്കി വീടുകളിലെത്തിച്ച് വില്‍പന നടത്തുന്നത്. ലഭിക്കുന്ന വരുമാനം ആഴ്ചതോറും സ്വന്തമാക്കുന്നുമുണ്ട്. മരുന്നിനും നിത്യചെലവിനും ആരെയും ആശ്രയിക്കേണ്ട എന്നതാണ് പ്രധാന സവിശേഷത. ഒറ്റപെടലും രോഗാവസ്ഥയും ഉള്‍പ്പടെ പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന വയോജനങ്ങള്‍ക്ക് ആത്മവിശ്വാസത്തിന്റെ തണലും പ്രചോദനവുമാണ് സാന്ത്വനം. സ്വന്തമായി വരുമാനം കണ്ടെത്താന്‍ വഴിയൊരുക്കി വയോജനക്ഷേമം ഉറപ്പാക്കാനാണ് പദ്ധതിയെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹര്‍ഷകുമാര്‍ പറഞ്ഞു.