സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പ്: കായിക മന്ത്രി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു

post


മലപ്പുറം: സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ചാമ്പ്യന്‍ഷിപ്പിന്റെ പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം സന്ദര്‍ശിച്ചു.  സ്റ്റേഡിയത്തിലെത്തിയ മന്ത്രി  ഒരുക്കങ്ങള്‍ വിലയിരുത്തി. എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് ചാമ്പ്യന്‍ഷിപ്പ് വേദികളിലെ പ്രവൃത്തികളുടെ വിശദാംശങ്ങള്‍ മന്ത്രി ചോദിച്ചറിഞ്ഞു. സ്റ്റേഡിയത്തിലെ പ്രവൃത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നെന്നും വ്യക്തമാക്കി. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ അക്കൊമൊഡേഷന്‍, ട്രാന്‍സ്പോര്‍ട്ടേഷന്‍ എന്നിവയും പരിശോധിച്ചെന്നും താന്‍ പൂര്‍ണ തൃപ്തനാണെന്നും രാഹുല്‍ അറിയിച്ചു. അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായ സ്റ്റേഡിയമാണ് പയ്യനാട്. സന്തോഷ് ട്രോഫിക്ക് ശേഷവും അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ ഇവിടെ വച്ച് സംഘടിപ്പിക്കണമെന്നും അദ്ദേഹം മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.

മത്സരം കാണനെത്തുന്നവര്‍ക്ക് കെ.എസ്.ആര്‍.ടി.സിയുമായി സഹകരിച്ച് പ്രത്യേക യാത്ര സൗകര്യങ്ങള്‍ ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. രാത്രി മത്സരം നടക്കുന്നതിനാല്‍ മത്സരശേഷം ആരാധകര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചെത്താന്‍ വേണ്ടിയാണ് സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാകുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്.