മിഷന്‍ ഇന്ദ്രധനുഷ്: മുഴുവന്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കാന്‍ രണ്ടാം സെഷന് ജില്ലയില്‍ തുടക്കം

post

മലപ്പുറം: ജില്ലയിലെ മുഴുവന്‍ കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള മിഷന്‍ ഇന്ദ്രധനുഷ് ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ രണ്ടാം സെഷന് കോവിഡ് മാനദണ്ഡങ്ങളോടെ തുടക്കം. പ്രതിരോധ കുത്തിവെപ്പിലെ കുറവ് പരിഹരിക്കുന്നതിനായി നടത്തുന്ന പ്രത്യേക ഇമ്മ്യൂണൈസേഷന്‍ പരിപാടിയായ ഇന്റസിഫൈഡ് മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടം  ജില്ലയില്‍ മാര്‍ച്ച് ഏഴിന് തുടങ്ങിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് രണ്ടാം സെഷന്‍. കോവിഡ് വ്യാപനം കാരണം ജില്ലയില്‍ കണ്ടെയ്ന്‍മെന്റ് സോണായ പ്രദേശങ്ങളില്‍ കുത്തിവെപ്പ് പരിപാടികള്‍ നടത്താന്‍ സാധിക്കാത്തതും കോവിഡ് വ്യാപന സമയത്ത് പലരും കുട്ടികളെ കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്ക് കൊണ്ടുവരാതിരുന്നതും കണക്കിലെടുത്താണ് നടപടിയെന്ന്  ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക പറഞ്ഞു.  പ്രതിരോധ കുത്തിവെപ്പില്‍ പിന്നാക്കം നില്‍ക്കുന്ന ജില്ലകളിലാണ് ഈ പ്രത്യേകയജ്ഞം.  കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് നാലാംഘട്ട മിഷന്‍ ഇന്ദ്രധനുഷ് പരിപാടി നടത്തുന്നത്. മാര്‍ച്ചില്‍ കുത്തിവെപ്പ് എടുത്തവര്‍ക്ക് തുടര്‍ ഡോസുകള്‍ നല്‍കുന്നതിനും ഇതുവരെ കുത്തിവെപ്പ് എടുക്കാത്തവര്‍ക്കും ഭാഗികമായി എടുത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന്നായി ഏപ്രില്‍ 10 വരെയാണ് രണ്ടാം സെഷന്‍.

ജില്ലയിലെ മുഴുവന്‍ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസ്സില്‍ താഴെയുള്ള പ്രതിരോധ കുത്തിവെപ്പ് ഒന്നും എടുക്കാത്തതും ഏതെങ്കിലും കുത്തിവെപ്പ് മാത്രം എടുത്തതുമായ കുട്ടികളുടെ ലിസ്റ്റ് ഇതിനായി പ്രത്യേകം തയാറാക്കിയിട്ടുണ്ട്.ലിസ്റ്റില്‍പ്പെട്ട കുട്ടികള്‍ക്കായി  പ്രത്യേക കുത്തിവെപ്പ് സെഷനുകള്‍ ഈ ദിവസങ്ങളില്‍ നടത്തും. പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത ഗര്‍ഭിണികള്‍ക്കും ഈ ദിവസങ്ങളില്‍ പ്രതിരോധ കുത്തിവെപ്പ് നല്‍കും. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം ഗര്‍ഭിണികളും കുട്ടികളും കുത്തിവെപ്പ് എടുക്കണമെന്ന് ഡി.എം.ഒ പറഞ്ഞു. കുത്തിവെപ്പ് എടുക്കേണ്ട കുട്ടികളുടെ വിവരങ്ങളും കുത്തിവെപ്പ് നല്‍കുന്ന സ്ഥലങ്ങളും ഉള്‍പ്പെടെ കൃത്യമായ മൈക്രോ പ്ലാന്‍ തയാറാക്കിയിട്ടുണ്ട്. ഈ വിവരങ്ങള്‍ പ്രത്യേക വെബ് പോര്‍ട്ടലിലും അപ്‌ലോഡ് ചെയ്യും.