ജില്ലയിലെ കലാകാരന്മാരെ കൈപിടിച്ചുയര്‍ത്താന്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ്

കാസര്‍കോട്: വളര്‍ന്നു വരുന്ന കലാകാരന്മാരെ കൈപിടിച്ചുയര്‍ത്താന്‍ വജ്ര ജൂബിലി ഫെല്ലോഷിപ്പ്. കേരള സാംസ്‌കാരിക വകുപ്പും തദ്ദേശ സ്വയം ഭരണ വകുപ്പും ചേര്‍ന്നു നടപ്പിലാക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ഓരോ തദ്ദേശ സ്ഥാപനങ്ങളിലായി വിവിധ കലാരൂപങ്ങളിലായാണ് പരിശീലനം നല്‍കുന്നത്. ക്ലസ്റ്റര്‍ തിരിച്ചാണ് പരിശീലനം. നിലവില്‍ ജില്ലയില്‍ 7 ക്ലസ്റ്ററിലാണ് പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. പരപ്പയില്‍ തുള്ളല്‍, പൂരക്കളി, സംഗീതം എന്നിവയിലാണ് പരിശീലനം. കാഞ്ഞങ്ങാട് ബ്ലോക്കില്‍ പെയ്ന്റിംഗ്, പൂരക്കളി എന്നിവയ്ക്ക് പരിശീലനം നല്‍കുമ്പോള്‍ കാഞ്ഞങ്ങാട് നഗരസഭ പൂരക്കളിയില്‍ പരിശീലനം നല്‍കുന്നു. നീലേശ്വരം നഗരസഭയില്‍ മാപ്പിള കലകള്‍ക്കും പൂരക്കളിക്കും പരിശീലനം നല്‍കും. നീലേശ്വരം ബ്ലോക്കില്‍ പൂരക്കളിയില്‍ പരിശീലനം നല്‍കും. കാസര്‍കോട് ബ്ലോക്ക് പൂരക്കളി, സംഗീതം എന്നിവയില്‍ പരിശീലനം നല്‍കും.
കാറഡുക്ക ബ്ലോക്ക് തീയേറ്റര്‍ പരിശീലനം നല്‍കും. ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ ഉള്ള കലാരൂപ പരിശീലനം ആണെങ്കിലും താല്പര്യമുള്ളവര്‍ക്ക് മറ്റു ക്ലസ്റ്ററുകളിലും പരിശീലനം നല്‍കുന്നതാണ്. രണ്ട് വര്‍ഷമാണ് കലാപരിശീലന കാലയളവ്. കേരളത്തിന്റെ തനതു കല സാംസ്‌കാരിക പാരമ്പര്യത്തെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഓരോ ജില്ലയിലെയും പരിശീലനം ഏകോപിപ്പിക്കാനായി ജില്ലാ കോര്‍ഡിനേറ്റര്‍മാരെയും നിയമിച്ചിട്ടുണ്ട്. ഓരോ കലാപരിശീലന കേന്ദ്രവും ഓരോ കലാകാരന്റെയും ചുമതലയിലാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഓരോ ക്ലസ്റ്ററിലും കല പരിശീലന പ്രവത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനായി ഓരോ കലാകാരന്മാരെ ക്ലസ്റ്റര്‍ കണ്‍വീനര്‍ ആയി തിരഞ്ഞെടുത്തു. പദ്ധതിയുടെ തുടക്കത്തില്‍ 14 ജില്ലകളിലെ 175 ഓളം ക്ലസ്റ്റുകളിലായി 660 കലാ കേന്ദ്രങ്ങള്‍ തുടങ്ങിയിരുന്നു. 47000 പേര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. എല്ലാ ക്ലസ്റ്ററുകളിലും ഇത്തവണത്തെ പരിശീലന പരിപാടികള്‍ ഈ മാസം തുടക്കമാവും. കലാരൂപങ്ങളില്‍ പരിശീലനം ആഗ്രഹിക്കുന്ന കലാകാരന്‍മാര്‍ക്ക് ജാതി, മത, ലിംഗ, പ്രായഭേദമന്യേ അപേക്ഷകള്‍ അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സമര്‍പ്പിക്കാവുന്നതാണെന്ന് ജില്ലാ കോഓര്‍ഡിനേറ്റര്‍ അറിയിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ പഞ്ചായത്തുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോഓര്‍ഡിനേറ്റര്‍, വജ്രജൂബിലീ ഫെല്ലോഷിപ്പ് പദ്ധതി, കാസര്‍കോട്. ഫോണ്‍:8086745738.