കൊണ്ടോട്ടിയിലെ ടേക്ക് എ ബ്രേക്കിൽ 65 ലക്ഷം രൂപയുടെ നവീകരണ പ്രവർത്തനങ്ങൾക്ക് ശിലയിട്ടു

post


മലപ്പുറം: കൊണ്ടോട്ടി ബസ് സ്റ്റാൻഡിന്റെ മുഖഛായ  മാറ്റാനൊരുങ്ങി നഗരസഭ. ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന ബസ് സ്റ്റാൻഡ് നവീകരണത്തിന്റെ ശിലാസ്ഥാപനം ടി.വി ഇബ്രാഹിം എം.എൽ.എ നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൺ സി. ടി ഫാത്തിമത്ത് സുഹ്റാബി അധ്യക്ഷയായി.

കൊണ്ടോട്ടി പട്ടണത്തിന്റെ സൗന്ദര്യവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ബസ്റ്റാൻഡ് കെട്ടിടം നവീകരിക്കുന്നത്. വിശാലമായ ഇരിപ്പിടങ്ങൾ,സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകമായ വിശ്രമ മുറിയും മുലയൂട്ടൽ കേന്ദ്രവും, സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷികാർക്കും പ്രത്യേക ശൗചാലയങ്ങൾ, കോഫി ഹൗസ്, പൊലീസ് ഹെഡ് പോസ്റ്റ്, നഗരസഭയുടെ ഫ്രണ്ട് ഓഫീസ് എന്നിവ ഉൾപെടുത്തിയാണ് ബസ്സ്റ്റാൻഡ് നവീകരിക്കുന്നത്.

ഇതോടൊപ്പം വാർഷിക പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളായ നഗരസഭാ പരിധിയിലെ ക്ലബുകൾക്ക് സ്പോട്സ് കിറ്റ് വിതരണം, എസ് സി വിദ്യാർത്ഥിനികൾക്ക് പഠനോപകരണ വിതരണം, സംസ്ഥാനത്ത് ഏറ്റവും മികച്ച വില്ലേജ് ഓഫീസർക്കുള്ള പുരസ്കാരം ലഭിച്ച കൊണ്ടോട്ടി വില്ലേജ് ഓഫീസർ അബ്ദുറഷീദിന് നഗരസഭയുടെ ആദരം, ജില്ലയിലെ മൂന്നാമത്തെ മികച്ച സ്പെഷ്യൽ സ്കൂളായി തെരഞ്ഞെടുത്ത കൊണ്ടോട്ടി ബഡ്സ് സ്കൂളിലെ അധ്യാപകരെ അനുമോദിക്കൽ എന്നിവയും ചടങ്ങിൽ  നടന്നു.