പുളിക്കല്‍ ഗ്രാമ പഞ്ചായത്ത് ബഡ്സ് സ്‌പെഷ്യല്‍ സ്‌കൂള്‍ മന്ത്രി നാടിന് സമര്‍പ്പിച്ചു

post

പുളിക്കല്‍ ഗ്രാമ പഞ്ചായത്തില്‍ കുടുംബശ്രീ ജില്ലാമിഷന്റെ സഹകരണത്തോടെ ആരംഭിച്ച 'സ്‌നേഹ' ബഡ്‌സ് സ്‌കൂളിന്റെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ- സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു നിര്‍വഹിച്ചു. കേരളത്തെ ഏറ്റവും വലിയ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും ഭിന്നശേഷിക്കാരെ നേരത്തെ കണ്ടെത്തി കൃത്യമായ ചികിത്സയും പരിചരണവും നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരാന്‍ ജില്ലയില്‍ ഏര്‍ലി ഇന്റര്‍വെന്‍ഷന്‍ സെന്റര്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

നിലവില്‍ വാടക കെട്ടിടത്തില്‍ ആരംഭിച്ച ബഡ്‌സ് സ്‌കൂളിന് സ്ഥലം കണ്ടെത്തി നല്‍കിയാല്‍ കെട്ടിട നിര്‍മാണത്തിനാവശ്യമായ എല്ലാ സഹായവും നല്‍കുമെന്നും മന്ത്രി അറിയിച്ചു. മുഹമ്മദ് സിനാന്‍ എന്ന വിദ്യാര്‍ത്ഥിയെ ആദ്യമായി ചേര്‍ത്തുകൊണ്ട് പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.  ടി.വി ഇബ്രാഹിം എം.എല്‍. എ അധ്യക്ഷനായി.



സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സഞ്ചരിക്കാനാവശ്യമായ വാഹനം എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിക്കുമെന്നും സ്‌കൂളിന് സ്വന്തം കെട്ടിടമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാവാന്‍ എല്ലാ വിധ സഹായങ്ങളും നല്‍കുമെന്നും എം. എല്‍.എ അറിയിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പുളിക്കല്‍ പഞ്ചായത്തിലെ കൊട്ടപ്പുറത്തെ പാണ്ടിയാട്ടു പുറത്ത് വിദ്യാലയം യാഥാര്‍ത്ഥ്യമായത്. പഞ്ചായത്തിലെ 200 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്‌കൂള്‍ നാമകരണം, പഠനോപകരണങ്ങള്‍, യൂണിഫോം എന്നിവയുടെ വിതരണവും നടന്നു.


പുളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മുഹമ്മദ് മാസ്റ്റര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗം സറീന ഹസീബ് , ലൈബ്രറി കൗണ്‍സില്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് മെമ്പര്‍ എന്‍ പ്രമോദ് ദാസ് , ജനപ്രതിനിധികളായ സെറീന ടീച്ചര്‍, സുഭദ്ര ശിവദാസന്‍, അഡ്വ. കെ.പി മുജീബ് റഹ്‌മാന്‍ ,എം സലാഹ്, കുഴിമുള്ളി ഗോപാലന്‍, ബേബി രജനി, ജാഫര്‍ കക്കോത്ത് വിവിധ ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.