അരുവായ് തോട് നവീകരണം പൂർത്തിയാക്കി കാട്ടകാമ്പൽ പഞ്ചായത്ത്

തൃശൂര്: കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിന്റെ 2020-21 സാമ്പത്തിക വർഷത്തിലുൾപ്പെടുത്തി അരുവായ് തോട് നവീകരണം പൂർത്തീകരിച്ചു. ഒമ്പത് ലക്ഷം രൂപയാണ് പദ്ധതിയുടെ പ്രവർത്തനത്തിനായി വിനിയോഗിച്ചത്. സർക്കാരിന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയുടെ ഭാഗമായി നീർത്തട സംരക്ഷണത്തിൽ ഉൾപ്പെടുത്തിയാണ് അരുവായ് തോട് നവീകരണം നടത്തിയത്. ഗ്രാമപഞ്ചായത്തിന്റെ രണ്ട് ലക്ഷവും ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ വിഹിതമായ രണ്ട് ലക്ഷവും ജില്ലാ പഞ്ചായത്തിന്റെ അഞ്ച് ലക്ഷവും ഉൾപ്പെടെ ആകെ ഒമ്പത് ലക്ഷം രൂപയാണ് ചെലവഴിച്ചത്..
കാട്ടകാമ്പാൽ പഞ്ചായത്തിലെ വാർഡ് എട്ടിൽ നിന്നും ആരംഭിച്ച് വാർഡ് പത്തിലെ അരുവായ് പാടശേഖരത്തിലൂടെ വാർഡ് പതിനൊന്നിലെ പൊന്നം പാടശേഖരത്തിൽ ചെന്നവസാനിക്കുന്ന അരുവായ് തോടിന്റെ സംരക്ഷണവും പുനരുദ്ധാരണവുമാണ് പദ്ധതിയിലൂടെ നടപ്പിലാക്കിയത്. അരുവായ് പാടശേഖരത്തിലെ കൃഷിക്ക് വളരെയധികം ഉപയോഗപ്പെടുന്ന രീതിയിലാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്.
വാർഡ് എട്ടിൽ ഉൾപ്പെടുന്ന ഈ തോടിന്റെ ആദ്യഭാഗത്ത് ഏകദേശം 50 മീറ്റർ നീളത്തിൽ ഇരുവശത്തും കോൺക്രീറ്റ് സംരക്ഷണഭിത്തി നിലവിലുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായി ഇരുവശത്തും 80 മീറ്റർ നീളത്തിൽ കോൺക്രീറ്റ് സംരക്ഷണഭിത്തി നിർമ്മിച്ച് തോടിന്റെ 465 മീറ്റർ നീളത്തിൽ അടിഞ്ഞുകൂടിയ മണ്ണെടുത്തുമാറ്റി ആഴം വർദ്ധിപ്പിക്കുന്നതിനും അതിലൂടെ തോടിന്റെ ഒഴുക്ക് സുഗമമാക്കുകയുമാണ് ചെയ്തത്.