കുട്ടൻകുളത്തിന് പുനർജീവൻ; നവീകരണം പൂർത്തിയാക്കി

തൃശൂര്‍: അന്നമനട പഞ്ചായത്തിലെ ഏഴാം വാർഡിൽ നവീകരണം പൂർത്തിയാക്കിയ കുട്ടൻകുളത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. കൃഷിവകുപ്പിൻറേയും കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ ലിമിറ്റഡിൻറേയും നബാർഡിന്റെയും നേതൃത്വത്തിലാണ് പൂർത്തീകരണം സാധ്യമായത്. 44 ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി ചെലവഴിച്ചത്.
കാർഷിക ഗ്രാമമായ അന്നമനടയിലെ വെസ്റ്റ് കൊരട്ടി പ്രദേശത്താണ് കൃഷിക്കും ജലസേചനത്തിനും കുടിവെള്ള ലഭ്യതയ്ക്കും ഏറെ പ്രയോജനകരമായ കുട്ടൻകുളമുള്ളത്. വർഷങ്ങളായി ചെളിയും ചണ്ടിയും പുല്ലും നിറഞ്ഞ കിടന്നിരുന്ന കുട്ടൻകുളം നവീകരണം നാടിന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.