ഭവന നിര്‍മ്മാണത്തിന് ഊന്നല്‍ നല്‍കി കോട്ടത്തറ ഗ്രാമപഞ്ചായത്ത് ബജറ്റ്

കോട്ടത്തറ ഗ്രാമപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തേക്കുള്ള 17.18 കോടി രൂപ വരവും 17.09 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണും വൈസ് പ്രസിഡണ്ടുമായ പി.എ. നസീമ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. പി രനീഷ് അദ്ധ്യക്ഷത വഹിച്ചു. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ ഭാഗമായി 200 ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിനും കാര്‍ഷിക മേഖലയ്ക്ക് പുത്തനുണര്‍വുണ്ടാക്കുന്നതിന് വേണ്ടി കാര്‍ഷിക മേഖലയ്ക്കും മതിയായ പ്രാധാന്യം ബജറ്റില്‍ ലക്ഷ്യം വെക്കുന്നു. ഗ്രാമപഞ്ചായത്തില്‍ ഒരാളും വിശന്നിരിക്കാന്‍ പാടില്ലെന്ന ഭരണസമിതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി വിശക്കുന്നവര്‍ക്ക് ഒരു നേരത്തെ സൗജന്യ ഭക്ഷണം നല്‍കുന്നതിനായി വിശപ്പ് രഹിത കോട്ടത്തറ എന്ന പദ്ധതിയും പ്രഖ്യാപിച്ചു. കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്ന തിന്റെ ഭാഗമായുള്ള പദ്ധതികള്‍ക്കും അടിസ്ഥാന മേഖലയ്ക്കും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ബജറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് മതിയായ പ്രാധാന്യം ബഡ്ജറ്റില്‍ നല്‍കിയിട്ടുണ്ട്. മുന്‍കാല അനുഭവങ്ങളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് വരും വര്‍ഷങ്ങളില്‍ പ്രളയത്തെ നേരിടുന്നതിന് ഷെല്‍ട്ടര്‍ ഹോം അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിനും ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്.
യോഗത്തില്‍ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഹണി ജോസ്,പി എസ്. അനുപമ, ഇ.കെ വസന്ത, അംഗങ്ങളായ സംഗീത് സോമന്‍, അനിത ചന്ദ്രന്‍, ജീന തങ്കച്ചന്‍, പി സുരേഷ് മാസ്റ്റര്‍, ബിന്ദു മാധവന്‍, ആന്റണി ജോര്‍ജ്ജ്, പുഷ്പ സുന്ദരന്‍, മുരളീദാസന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഘടക സ്ഥാപന മേധാവികളും വിവിധ
സാമൂഹ്യ പ്രവര്‍ത്തകരും പങ്കെടുത്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിം കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഹണി ജോസ് സ്വാഗതവും സെക്രട്ടറി കെ എം തോമസ് നന്ദിയും പറഞ്ഞു