കൊക്കയാര്‍ ദുരന്തത്തിനിരയായവര്‍ക്കായി പ്രത്യേക അദാലത്ത് നടത്തി

പ്രളയത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ടവരുടെ ആക്ഷേപങ്ങളും പരാതികളും പരിഹരിക്കുന്നതിനായി കൊക്കയാറില്‍ പ്രത്യേക അദാലത്ത് നടത്തി. കൊക്കയാര്‍ വില്ലേജ് ഓഫിസിനു സമീപത്തെ സിഎസ്ഐ പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍ കൊക്കയാര്‍, പെരുവന്താനം വില്ലേജ് പരിധികളില്‍ വരുന്ന 348 അപേക്ഷകള്‍ ലഭിച്ചു. അദാലത്തിന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നേതൃത്വം നല്കി.
2021 ഒക്ടോബര്‍ 16 ന് സമാനതകളില്ലാത്ത മഹാദുരന്തത്തിനാണ് നാട് സാക്ഷ്യം വഹിച്ചത്. പീരുമേട് താലൂക്കിന്റെ വിവിധമേഖലകളിലും നാശനഷ്ടങ്ങള്‍ ഉണ്ടായെങ്കിലും കൊക്കയാര്‍ പെരുവന്താനം പഞ്ചായത്തുകളിലാണ് പ്രളയം ഏറ്റവും കൂടുതല്‍ ദുരിതം വിതച്ചത്. ഒന്‍പത് ജീവനുകള്‍ ദുരന്തത്തില്‍ പൊലിഞ്ഞു. വീടുകളും, കൃഷിസ്ഥലങ്ങളും, വളര്‍ത്തുമൃഗങ്ങളും, ജീവനോപാധികളും നഷ്ടപെട്ടവര്‍ അനവധിയാണ്. പ്രളയ ദുരിതാശ്വാസ ധനസഹായ വിതരണത്തിന്റെ ഒന്നാംഘട്ട പൂര്‍ത്തീകരണ പ്രഖ്യാപനവും നഷ്ട്ടപ്പെട്ട ആധാരരേഖകള്ക്ക് പകരമുള്ളവയുടെ സൗജന്യ വിതരണവും മാര്‍ച്ച് നാലിന് കൊക്കയാറില്‍ നടത്തിയിരുന്നു. ഇനിയും സഹായം ലഭിക്കേണ്ടതായി ആരെങ്കിലുമുള്ളതായി ശ്രദ്ധയില്‍പെട്ടാല്‍ അടിയന്തിരമായി അദാലത്ത് നടത്തുവാനും മന്ത്രി കെ രാജന് അന്ന് ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ( 23 ന്) അദാലത്ത് സംഘടിപ്പിച്ചത്.
അദാലത്തിന് ലഭിച്ച അപേക്ഷകളില്‍ 33 എണ്ണം മറ്റു വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളായിരുന്നു. ശേഷിക്കുന്ന പരാതികളില്‍ കൂടുതലും പ്രളയദുരിത ബാധിതര്‍ക്ക് ധനസഹായം നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു. ഇതില്‍ ഭൂരിപക്ഷവും ആദ്യഘട്ട ധനസഹായം ലഭിച്ചവരും അവശേഷിക്കുന്ന ഗഡു എപ്പോള്‍ ലഭ്യമാകുമെന്ന് അറിയുവാന്‍ എത്തിയവരുമായിരുന്നു. ഇവരെല്ലാം പട്ടികയില്‍ ഉള്‍പ്പെട്ടവരാണെന്നും ധനസഹായം അനുവദിക്കപ്പെട്ടവരാണെന്നും ആദ്യ ഘട്ട തുക കൈമാറുകയും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്ന മുറയ്ക്ക് രണ്ടാംഘട്ട തുക കൈമാറുന്നതായിരിക്കുമെന്നും ജില്ലാ കളക്ടര്‍ക്കു വേണ്ടി പീരുമേട് തഹസില്‍ദാര്‍ വിജയലാല്‍ അറിയിച്ചു. അദാലത്തില്‍ വാഴൂര്‍ സോമന് എംഎല്‍എ, ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അദാലത്തിന് എഡിഎം ഷൈജു ജേക്കബ്, തഹസില്‍ദാര്‍ വിജയലാല്‍, റവന്യു ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ നേതൃത്വം നല്കി.