വന വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്ന നിരോധനം കര്‍ശനമാക്കും

post

വനമേഖലകള്‍, വന്യജീവി സങ്കേതങ്ങള്‍, ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കുള്ള നിരോധനം കര്‍ശനമായി നടപ്പിലാക്കാന്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്‍ വനം മേധാവിക്ക് നിര്‍ദേശം നല്‍കി.

വന്യജീവി സംരക്ഷണ നിയമത്തിന്റെ വകുപ്പ് 32 പ്രകാരം വന്യജീവികള്‍ക്കും ആവാസ വ്യവസ്ഥയ്ക്കും ദോഷകരമായി ബാധിക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഉപയോഗം നിരോധിച്ചിട്ടുള്ളതാണ്. നിലവിലുള്ള നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുന്നതോടൊപ്പം ആവശ്യമെങ്കില്‍ വന നിയമത്തില്‍ ആവശ്യമായ ഭേദഗതി വരുത്തുമെന്നും മന്ത്രി അറിയിച്ചു.

വന്യജീവി സങ്കേതങ്ങളില്‍ ഉള്‍പ്പെടെ വന വിനോദ സഞ്ചാരികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.  ഇക്കോ ഡവലപ്‌മെന്റ് ഏജന്‍സികളെ ഇതിനായി പ്രത്യേകം ചുമതലപ്പെടുത്തും. വനങ്ങളും വന്യജീവി സങ്കേതങ്ങളും വൃത്തിയായി സൂക്ഷിക്കുന്നതിന് പൊതുജനങ്ങളും ബന്ധപ്പെട്ട പ്രദേശങ്ങളിലെ കച്ചവടക്കാരും സഹകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.