പുഞ്ചപ്പാടത്തെ തോടുകളുടെ പുനർജീവനം ഏറ്റെടുത്ത് വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത്

post

മലപ്പുറം: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ പുഞ്ചപ്പാടത്തെ ജലക്ഷാമം പരിഹരിക്കാൻ പഞ്ചായത്ത്‌ ഭരണസമിതിയുടെ നേതൃത്വത്തിൽ തോടുകളുടെ പുനർജീവനം പദ്ധതി ഏറ്റെടുത്തു. പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എ.ഷൈലജ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി അധ്യക്ഷനായി.


ഭരണസമിതി അംഗങ്ങളുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും കുടുംബശ്രീ പ്രവർത്തകരുടെയും നേതൃത്വത്തിൽ കാട്ടുങ്ങൽ തോട്ടിലെയും അതിൻ്റെ കൈവഴിതോടുകളിലെയും ചെളി നീക്കം ചെയ്ത് വീതിയും ആഴവും കൂട്ടി നീരൊഴുക്ക് സുഗമമാക്കി. ഇരുന്നൂറ് ഏക്കർ പുഞ്ചക്കൃഷിയാണ് പഞ്ചായത്ത്‌ പരിധിയിലുള്ളത്. ഇതിൽ എഴുപത്തഞ്ച് ഏക്കറോളം പരന്നുകിടക്കുന്ന കോടനി, കമ്മൾ, മൺറോളം, കരുമരക്കാട്, ചെറൂട്ട, പുതിയറ, പെരിങ്കോട്ട, പുത്തൻചിറ എന്നീ പാടശേഖരങ്ങളിൽ നെൽകൃഷി ചെയ്യുന്ന കർഷകർക്ക് ജലക്ഷാമം രൂക്ഷമായിരുന്നു.

പ്രതിസന്ധി നേരിട്ടറിയാൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ. ഷൈലജ, വൈസ് പ്രസിഡൻ്റ് മനോജ് കോട്ടാശ്ശേരി, കൃഷി ഓഫീസർ അമൃത ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചിരുന്നു. ജലസേചന സൗകര്യം നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര ഭരണ സമിതി യോഗം ചേരുകയും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പുഞ്ചപ്പാടത്തെ നീർച്ചാലുകൾ വീണ്ടെടുക്കാൻ തീരുമാനിച്ചു. തുടർന്നാണ് ജനകീയ പങ്കാളിത്തത്തോടെ തോടുകളിലെ ചെളി നീക്കം ചെയ്ത് ജലസേചന യോഗ്യമാക്കിയത്.