തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്ക് 122.88 കോടി രൂപയുടെ ഭരണാനുമതി

post

മലപ്പുറം: തിരൂരങ്ങാടി മണ്ഡലത്തില്‍ കുടിവെള്ള പദ്ധതികള്‍ക്കായി 122.88 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എം.എല്‍.എ പറഞ്ഞു. എടരിക്കോട് ഗ്രാമപഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് 77 കോടി രൂപയും, പരപ്പനങ്ങാടി നഗരസഭയിലെ കുടിവെള്ള പദ്ധതികളുടെ തുടര്‍പ്രവൃത്തികള്‍ക്ക് 18 കോടി രൂപയും,  തിരൂരങ്ങാടി നഗരസഭയിലെ കുടിവെള്ള പദ്ധതികളുടെ തുടര്‍പ്രവൃത്തികള്‍ക്ക് 13 കോടി രൂപയും, തെന്നല പഞ്ചായത്ത് ജലനിധി പദ്ധതിയുടെ തുടര്‍ പ്രവര്‍ത്തികള്‍ക്കായി 14.88 കോടി രൂപയുമാണ് അനുവദിച്ചത്. എടരിക്കോട് പഞ്ചായത്തിലെ കുടിവെള്ള പദ്ധതിക്ക് ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും പരപ്പനങ്ങാടി, തിരൂരങ്ങാടി നഗരസഭകള്‍ക്ക് അമൃത് പദ്ധതിയില്‍ നിന്നുമാണ് തുക അനുവദിച്ചത്.

നേരത്തെ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരൂരങ്ങാടി നഗരസഭയിലെ കല്ലക്കയം കുടിവെള്ള പദ്ധതിക്ക് നാല് കോടി രൂപയും തിരൂരങ്ങാടി താലൂക്കാശുപത്രിക്ക് 25 ലക്ഷം രൂപയും പരപ്പനങ്ങാടി നഗരസഭക്ക് അഞ്ച്  കോടി രൂപയും ലഭിച്ചിരുന്നു.  താലൂക്ക് ആശുപത്രിക്ക് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ച് താലൂക്ക് ആശുപത്രിയിലേക്ക് മാത്രം  പ്രത്യേക കുടിവെള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനാണ് ഉദ്ദേശിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ജല്‍ജീവന്‍ മിഷന്‍ പദ്ധതിയില്‍ നന്നമ്പ്ര പഞ്ചായത്ത് സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിക്ക് സമര്‍പ്പിച്ച 95 കോടി രൂപയുടെ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഒരു മാസത്തിനകം ഈ പദ്ധതിക്കും അനുമതി നല്‍കികൊണ്ടുള്ള ഭരണാനുമതി  ലഭിക്കുമെന്നും കെ.പി.എ മജീദ് എം.എല്‍.എ വ്യക്തമാക്കി. കുടിവെള്ള പദ്ധതിക്ക് ടാങ്ക് നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം നന്നമ്പ്ര പഞ്ചായത്ത് ലഭ്യമാക്കിയിട്ടുണ്ട്. നേരത്തെ എം.എല്‍.എ ഫണ്ടില്‍ നിന്നും ചെറുമുക്ക് കുടിവെള്ള പദ്ധതി, കുണ്ടൂര്‍ കുടുക്കേങ്ങല്‍ കുടിവെള്ള പദ്ധതി, വെള്ളിയാമ്പുറം കുടിവെള്ള പദ്ധതി, കൊടിഞ്ഞി അല്‍ അമീന്‍ നഗര്‍ കുടിവെള്ള പദ്ധതി എന്നിങ്ങനെ  നാല്  ചെറുകിട കുടിവെള്ള  പദ്ധതികള്‍ക്കായി എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും നന്നമ്പ്ര പഞ്ചായത്തിലേക്ക് പണം അനുവദിച്ചെങ്കിലും പദ്ധതിയിലേക്ക് ആവശ്യമായ വെള്ളം  ലഭ്യമാകാത്തതിനാല്‍ നടപ്പാക്കാന്‍ സാധിക്കാത്ത സാഹചര്യം വന്നതിനാലാണ് തിരൂരങ്ങാടി നഗരസഭയിലെ കടലുണ്ടിപ്പുഴയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് എത്തിച്ച് വീടുകളില്‍ ലഭ്യമാക്കുന്ന വലിയ പദ്ധതിക്ക് രൂപം നല്‍കിയത്. ഒരു മാസത്തിനകം ഈ പദ്ധതിക്കും അനുമതി ലഭിക്കും.   നേരത്തെ മണ്ഡലത്തിലെ തെന്നല, പെരുമാണ്ണ-ക്ലാരി പഞ്ചായത്തുകളില്‍ മള്‍ട്ടി ജി.പി കുടിവെള്ള പദ്ധതി  നടപ്പാക്കുകയും അതുവഴി കുടിവെള്ളം എത്തിക്കുകയും ചെയ്യുന്നുണ്ട്. ഈ പദ്ധതിയുടെ തുടര്‍പ്രവൃത്തികള്‍ക്കാണ് 14.88 കോടി രൂപ അനുവദിച്ചിരിക്കുന്നത്.