മന്ത്രിസഭാ വാർഷികാഘോഷം: മെയ് 10 മുതൽ 16 വരെ തിരൂരിൽ

post


മലപ്പുറം: മന്ത്രിസഭാ വാർഷികാഘോഷം  മെയ് 10 മുതൽ 16 വരെ തിരൂരിൽ നടത്താൻ തീരുമാനം. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. പ്രദർശന വിപണന മേള വേനലാവധിക്കാലത്ത് മലപ്പുറം ജില്ലയിലെ ആളുകൾക്ക് വിജ്ഞാനത്തോടൊപ്പം വിനോദത്തിനും ഉതകുന്ന ആഘോഷമാക്കി മാറ്റുമെന്നും പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതി രൂപികരിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രദർശന - വിപണന മേള, കലാ സാംസ്കാരിക പരിപാടികൾ, സെമിനാറുകൾ, ഫുഡ് കോർട്ടുകൾ, വിവിധ സർക്കാർ വകുപ്പുകളുടെ പദ്ധതികളും സേവനങ്ങളും  വിശദീകരിക്കുന്ന സ്റ്റാളുകൾ എന്നിവ മേളയോടനുബന്ധിച്ച് സംഘടിപ്പിക്കും. 150 സ്റ്റാളുകളിൽ 15 സർവീസ് സ്റ്റാളുകളും 10 എണ്ണം തീം സ്റ്റാളുകളുമായിരിക്കും. അലങ്കാര ചെടികൾ, ഫലവൃക്ഷ തൈകൾ, കാർഷികോപകരണങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടാകും. സർക്കാരിന്റെ വികസന നേട്ടങ്ങൾ വിശദീകരിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസ് സംഘടിപ്പിക്കുന്ന വീഡിയോ ഡോക്യുമെന്ററി പ്രദർശനം, ഫോട്ടോ പ്രദർശനം എന്നിവയും മേളയുടെ ഭാഗമാകും. ഇൻഫർമേഷൻ ടെക്നോളജി ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾ വിവരിക്കുന്ന ഐ എസ് ആർ ഒ യുടെ ഉൾപ്പെടെയുള്ള സ്റ്റാളുകളും ഒരുക്കും. തിരൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളാണ് ഏഴ് ദിവസം നീണ്ടു നിൽക്കുന്ന പ്രദർശന വിപണന മേളയുടെ വേദിയാകുക.