വിദ്യാസാന്ത്വന കിരണം: ഭിന്നശേഷി സൗഹൃദമായി ചവറ ബ്ലോക്ക് പഞ്ചായത്ത്

post


കൊല്ലം: ഭിന്നശേഷി കുട്ടികളുടെ ക്ഷേമം ഉറപ്പാക്കാന്‍ ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ വിദ്യാസാന്ത്വന കിരണം പദ്ധതി. ചവറ ബി.ആര്‍.സി യുടെ പരിധിയില്‍ വരുന്ന വിവിധ സ്‌കൂളുകളില്‍ പഠിക്കുന്ന ഭിന്നശേഷി കുട്ടികള്‍ക്ക് ജീവന്‍രക്ഷാ മരുന്നും അനുബന്ധ സൗകര്യങ്ങളും ലഭ്യമാക്കുന്ന പദ്ധതിയാണിത്. 45 സ്‌കൂളുകളില്‍ 512 ഭിന്നശേഷി കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 60 ശതമാനവും സാമ്പത്തികമായി പിന്നാക്കാവസ്ഥയിലാണ്. പ്രതിമാസം മരുന്നിനും ഇതര സഹായ ഉപകരണങ്ങള്‍ക്കും ഭാരിച്ച ചിലവുണ്ട്. ഈ പരിമിതി മിറകടക്കാന്‍ സാഹചര്യമൊരുക്കുകയാണ് ലക്ഷ്യം - ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായി ചവറ സി. എച്ച്. സിയില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തിയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. ഇവര്‍ക്ക് മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. കെ.എം.സി.എല്‍, കാരുണ്യ, മാവേലി സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാക്കും. മറ്റു സ്രോതസ്സുകളില്‍ നിന്ന് പരമാവധി തുക ലഭ്യമാക്കി തൊഴില്‍ പരിശീലനം കൂടി നല്‍കി പുനരധിവാസം ഉറപ്പാക്കാനും പദ്ധതി സഹായകമാകും. 11,15000 രൂപയാണ് ബ്ലോക്ക് പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷനായി ആരോഗ്യ-വിദ്യാഭ്യാസ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഉപാധ്യക്ഷന്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തിയ മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ പ്രവര്‍ത്തനം.