കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കായുള്ള ധനസഹായം വിതരണംചെയ്തു

post

കാസറഗോഡ് :  ജില്ലയില്‍ കോവിഡ് മൂലം മാതാപിതാക്കള്‍ നഷ്ടമായ കുട്ടികള്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് നിര്‍വ്വഹിച്ചു. ജില്ലയില്‍ കോവിഡ്മൂലം മാതാപിതാക്കള്‍ നഷ്ടമായി ഓര്‍ഫന്‍ വിഭാഗത്തില്‍ 7 കുടുംബങ്ങളിലായി 9 കുട്ടികളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള നാല് ആണ്‍കുട്ടികളും അഞ്ച് പെണ്‍ കുട്ടികളും. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, ഐ.സി.ഡി.എസ് ഓഫീസുകള്‍ മുഖേനയാണ് കുട്ടികളെ കണ്ടെത്തിയത്. ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ഉദ്യോഗസ്ഥര്‍,  സൈക്കാസോഷ്യല്‍ കൗണ്‍സിലേര്‍സ് എന്നിവര്‍ മേല്‍ കുട്ടികളുടെയെല്ലാം വീടുകള്‍ സന്ദര്‍ശിച്ച് സാമൂഹ്യ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ സമര്‍പ്പിച്ചു.

തുടര്‍ന്ന് കുട്ടികളുടെ സംരക്ഷണത്തിന് ആവശ്യമായ ഉത്തരവുകള്‍ കമ്മിറ്റി നല്‍കി. 9 കുട്ടികളും ബന്ധുക്കളുടെ സംരക്ഷണയിലാണ് നിലവില്‍ താമസിക്കുന്നത്. ആദ്യ ഘട്ടത്തില്‍ ബാലനീതി സ്ഥാപനത്തില്‍ 3 കുട്ടികള്‍ക്ക് സംരക്ഷണം നല്‍കിയിരുന്നെങ്കിലും നിലവില്‍ ഈ 3 കുട്ടികളും ബന്ധുക്കളുടെ സംരക്ഷണയിലാണ് താമസിക്കുന്നത്. കുട്ടികളുടെ വിവരങ്ങള്‍ ബാല്‍സ്വാരാജ് പോര്‍ട്ടലില്‍ ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് ചേര്‍ത്തിട്ടുണ്ട്.
പി.എം. കെയര്‍സ് ഫോര്‍ ചില്‍ഡ്രന്‍ സ്‌കീം പ്രകാരം 9 കുട്ടികളെയും പിഎം കെയര്‍ ഫോര്‍ ചില്‍ഡ്രന്‍ വെബ് പോര്‍ട്ടലില്‍ ചേര്‍ക്കുകയും ജില്ലാ കളക്ടര്‍ ധനസഹായത്തിനായി അംഗീകാരം നല്‍കുകയും ചെയ്തു.സ്‌കീം പ്രകാരമുള്ള ധനസഹായത്തിനായി  അനാഥരായ കുട്ടികളുടെയും ഗാര്‍ഡിയനായി ജില്ലാ കളക്ടറുടെയും പേരില്‍ പോസ്റ്റ് ഓഫീസില്‍ അക്കൗണ്ട് ആരംഭിച്ചു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.

കുട്ടികള്‍ക്കെല്ലാം സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായമായി 3 ലക്ഷം രൂപയും പ്രതിമാസ സ്പാണ്‍സര്‍ഷിപ്പ് ധനസഹായമായി രണ്ടായിരം രൂപ, ആവശ്യമെങ്കില്‍ വിദ്യാഭ്യാസ ധനസഹായവും, പിഎംകെയര്‍സ് ഫോര്‍ ചില്‍ഡ്രന്‍സ് സ്‌കീം പ്രകാരം 10 ലക്ഷംരൂപ ലംപ്‌സം ഗ്രാന്റായും നല്‍കുന്നു.