കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിലെ വിവരങ്ങളും വിശേഷങ്ങളും ഇനി യൂട്യൂബിലും അറിയാം

മലപ്പുറം: പുതിയ കാലത്തിനൊപ്പം സര്‍ക്കാറിന്റെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍, ജനങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് Face 'n' View Kondotty Block Panchayath എന്ന പേരില്‍ യൂട്യൂബ് ചാനല്‍ തുടങ്ങുന്നു. മാര്‍ച്ച് ഏഴിന് രാവിലെ 10.30 ന് യൂട്യൂബ് ചാനല്‍ ജനങ്ങളിലേക്കെത്തുമെന്നും സര്‍ക്കാര്‍ അനുമതിയോടെ സംസ്ഥാനത്ത് ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് യൂട്യൂബ് ചാനല്‍ തുടങ്ങുന്നതെന്നും ബ്ലോക്ക് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികള്‍, കേന്ദ്ര -സംസ്ഥാന സര്‍ക്കാറുകളുടെ വികസന പദ്ധതികള്‍, ആരോഗ്യപരിപാലനം, പരിസ്ഥിതി സംരക്ഷണം, മാലിന്യസംസ്കരണം, ദുരന്തനിവാരണ മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച അറിയിപ്പുകള് എന്നിവയും സമയാസമയങ്ങളില്‍ യൂട്യൂബ് ചാനലില്‍ ലഭ്യമാകും. സര്‍ക്കാര്‍ - പൊതുമേഖലകളിലെ തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വിശദമായ അറിയിപ്പുകളും ചാനലില്‍ ലഭ്യമാകുമെന്നും അധികൃതര്‍ അറിയിച്ചു.
യുവതലമുറക്ക് പ്രാദേശിക സര്‍ക്കാറിലും അതിന്റെ പ്രവര്‍ത്തനങ്ങളിലും ഇടപെടുന്നതിന് അവസരമുണ്ടാക്കുക, ഓരോ പദ്ധതിയും സംബന്ധിച്ച് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പരിശോധിച്ച് കുറ്റമറ്റതാക്കി ജനപങ്കാളിത്തം ഉറപ്പുവരുത്തി പരമാവധിയാളുകള്‍ക്ക് പദ്ധതികളുടെ പ്രയോജനം ഉറപ്പുവരുത്തുക, വികസന-ക്ഷേമ മേഖലകളുമായി ബന്ധപ്പെട്ട നൂതന ആശയങ്ങള്‍ സ്വീകരിക്കുന്നതിനും സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരുമായി ഇവ പങ്കുവെക്കുന്നതിനും പുതിയ കാലത്തിനൊത്ത് സോഷ്യല്‍ മീഡിയയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുകയുമാണ് യൂട്യൂബ് ചാനലിലൂടെ ലക്ഷ്യമിടുന്നതെന്ന് മലപ്പുറം പ്രസ് ക്ലബില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി പറഞ്ഞു.
യൂട്യൂബ് ചാനലിന്റെ പ്രവര്‍ത്തനം ബ്ലോക്ക് പഞ്ചായത്തിലെ ജനപ്രതിനിധികളുടെ കൂട്ടായ്മയാണ് നിയന്ത്രിക്കുക. വാര്‍ത്തകള്‍ ജനങ്ങളിലെത്തിക്കുന്നതിന് മുമ്പ് സ്റ്റിയറിങ് കമ്മറ്റി അംഗങ്ങള്‍ സ്ക്രീനിങ്ങിന് വിധേയമാക്കും. ഓരോ 24 മണിക്കൂറിലും ചാനല്‍ അപ്ഡേറ്റ് ചെയ്യും. Face 'n' View Kondotty Block Panchayath യൂട്യൂബ് ചാനലിന്റെ വിജയത്തിന് എല്ലാവരും സഹകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ഷെജിനി ഉണ്ണി അഭ്യര്‍ഥിച്ചു.