തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കും

ആലപ്പാട് പഞ്ചായത്തിലെ കടല്‍ക്ഷോഭബാധിത പ്രദേശങ്ങളില്‍ അടിയന്തരമായി തീരസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണ്‍. സി. ആര് മഹേഷ് എം. എല്‍. എയുടെ സാന്നിദ്ധ്യത്തില്‍ ചേമ്പറില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
ഇറിഗേഷന്‍ വകുപ്പ്, ഐ.ആര്.ഇ എന്നിവയുടെ മേല്‍നോട്ടത്തില്‍ പണിക്കര്‍കടവ് പാലം ഉള്‍പ്പെടെ നാല് നിര്‍മാണ പ്രവര്‍ത്തികള്‍ ഉടന്‍ പൂര്‍ത്തീകരിക്കണം. എല്ലാ മാസവും അവലോകനയോഗവും ചേരും. പാറ ലഭ്യതയ്ക്കായി ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തും.
50 ശതമാനം പാറ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന ഉത്തരവുണ്ട്. ഇതിന് തയ്യാറാകാത്ത ക്വാറികളുടെ എന്‍.ഒ.സി റദ്ദാക്കുമെന്നും കലക്ടര്‍ പറഞ്ഞു. ആലപ്പാട് പ്രദേശത്തെ ജനങ്ങളുടെ ജീവിതത്തിന് ആവശ്യമായ സുരക്ഷ ഉറപ്പാക്കണം. ഖനനം നടക്കുന്ന പ്രദേശങ്ങളില്‍ റീഫില്ലിംഗ് നടത്തണം. പണിക്കര്‍ക്കടവ് പാലം ഉള്‍പ്പെടെയുള്ളവ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും എം. എല്‍. എ ആവശ്യപ്പെട്ടു.