'പഠ്‌ന ലിഖ്‌ന അഭിയാന്‍' സാക്ഷരതാ ക്ലാസുകള്‍ സജീവം

post

മികവുത്സവം സാക്ഷരതാ പരീക്ഷ മാര്‍ച്ച് 27 ന്

മലപ്പുറം: സംസ്ഥാന സാക്ഷരതാമിഷന്‍ നടപ്പിലാക്കുന്ന കേന്ദ്രാവിഷ്‌കൃത സാക്ഷരതാപദ്ധതിയായ 'പഠ്‌ന ലിഖ്‌ന അഭിയാന്‍' സാക്ഷരതാ ക്ലാസുകള്‍ ജില്ലയില്‍ സജീവം. മലപ്പുറം ഉള്‍പ്പെടെ കേരളത്തിലെ അഞ്ച് ജില്ലകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. 43,164 പേരാണ് ജില്ലയില്‍ പഠ്‌ന ലിഖ്‌ന അഭിയാന്‍ പഠിതാക്കള്‍. ഇവരില്‍ 36,017 സ്ത്രീകളും 7,146 പുരുഷന്‍മാരും  ഒരു ട്രാന്‍സ് ജെന്‍ഡറും ഉള്‍പ്പെടും. 14,089 പട്ടികജാതിക്കാരും 3,232 പട്ടികവര്‍ഗക്കാരും 21,847 ന്യൂനപക്ഷവിഭാഗക്കാരുമാണ്. 3,996 പേര്‍ മറ്റുവിഭാഗങ്ങളിലും ഉള്‍പ്പെടും. 4,316 വളന്ററി അധ്യാപകരുടെ നേതൃത്വത്തിലാണ്  പഠ്‌ന ലിഖ്‌ന അഭിയാന്‍ ക്ലാസുകള്‍ നടക്കുന്നത്. പദ്ധതി വിജയിപ്പിക്കുന്നതിനായി ജില്ലാതലത്തിലും പഞ്ചായത്ത് നഗരസഭാ തലത്തിലും സംഘാടക സമിതികള്‍ രൂപികരിച്ചു. ജനപ്രതിനിധികള്‍ അധ്യാപകര്‍,  റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ തുടങ്ങിയവര്‍ക്ക് ശില്‍പശാലകള്‍ നടത്തി.

പട്ടികജാതി, പട്ടികവര്‍ഗപ്രമോട്ടര്‍മാര്‍ എന്‍.വൈ.കെ വളന്റിയര്‍, യുവജനക്ഷേമ ബോര്‍ഡ്, കുടുംബശ്രീ, തൊഴിലുറപ്പ് മേറ്റുമാര്‍ തുടങ്ങിയവര്‍ക്ക് പരിശീലനങ്ങളും  ക്ലാസുകളും നല്‍കി. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ  തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സമ്പൂര്‍ണ സാക്ഷരതാ യജ്ഞത്തിന് ശേഷം കൂടുതല്‍ പഠിതാക്കളെ സാക്ഷരരാക്കുന്ന പഠ്‌ന ലിഖ്‌ന അഭിയാന്‍ പദ്ധതിയുടെ സാക്ഷരതാപരീക്ഷ  മികവുത്സവം എന്ന  പേരില്‍ മാര്‍ച്ച് 27 ന് നടക്കും.
 
ക്ലാസുകള്‍ ഊര്‍ജിതമാക്കാനും മികവുത്സവം സാക്ഷരതാ പരീക്ഷ വിജയകരമായി നടപ്പിലാക്കാനും വളന്ററി അധ്യാപകര്‍ക്കും റിസോഴ്‌സ്‌പേഴ്‌സണ്‍മാര്‍ക്കും ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും രണ്ടാംഘട്ടം പരിശീലനം  മാര്‍ച്ച് 15 നകം നടക്കും. പരിശീലനത്തിന് മുന്നോടിയായി മാസ്റ്റര്‍ട്രൈയിനര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളില്‍ നടക്കും. 2022 മാര്‍ച്ച് അഞ്ചിന് താനൂര്‍ ബ്ലോക്ക് ഹാള്‍,  മാര്‍ച്ച് ഏഴിന് മങ്കട ബ്ലോക്ക് ഹാള്‍, മാര്‍ച്ച് എട്ടിന് തിരൂരങ്ങാടി   നഗരസഭാ ഹാള്‍, മാര്‍ച്ച് ഒന്‍പതിന് മഞ്ചേരി നഗരസഭാ ഹാള്‍, മാര്‍ച്ച് 10ന് പെരുമ്പടപ്പ് ബ്ലോക്ക് ഹാള്‍  എന്നീ കേന്ദ്രങ്ങിലാണ് പരിശീലനങ്ങള്‍ നടക്കുക.