'മിഷന്‍ ഇന്ദ്രധനുഷ്' നാലാം ഘട്ടത്തിന് മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും

post

മലപ്പുറം: കുട്ടികള്‍ക്കുള്ള രോഗപ്രതിരോധ വാക്‌സിനേഷന്‍ ശക്തിപ്പെടുത്തുന്നതിനായി നടക്കുന്ന പ്രത്യേക ഇമ്മ്യൂണൈസേഷന്‍ പരിപാടി മിഷന്‍ ഇന്ദ്രധനുഷ് നാലാം ഘട്ടത്തിന് ജില്ലയില്‍ മാര്‍ച്ച് ഏഴ് മുതല്‍ തുടക്കമാവും. ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളുടെയും പരിധിയിലുള്ള രണ്ട് വയസില്‍ താഴെയുള്ള കുട്ടികളില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്തതും ഭാഗികമായി കുത്തിവെയ്പ്പ് എടുത്തവര്‍ക്കും പ്രതിരോധ കുത്തിവെയ്പ്പ് എടുക്കാത്ത ഗര്‍ഭിണികള്‍ക്കുമാണ് വാക്‌സിന്‍ നല്‍കുന്നത്.

ജില്ലയില്‍ നിലവില്‍ 10,496 കുട്ടികളും 354 ഗര്‍ഭിണികളുമാണ് മിഷന്‍ ഇന്ദ്രധനുഷിന്റെ ഭാഗമായി ലക്ഷ്യമിടുന്നത്. ഇന്ത്യയില്‍ 2014 ല്‍ തുടങ്ങിയ മിഷന്‍ ഇന്ദ്രധനുഷ് 90 ശതമാനം പ്രതിരോധ വാക്‌സിനേഷനില്‍ കുറവുള്ള ജില്ലകളെയാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. അതില്‍ നാലാം ഘട്ടമാണ് 2022 ല്‍ നടന്നുവരുന്നത്. മലപ്പുറം ജില്ല എല്ലാ ഘട്ടങ്ങളിലും വിജയകരമായി പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്രാവശ്യം ജില്ലയില്‍ 546 പ്രതിരോധ കുത്തിവെയ്പ് കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുള്ള എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള  മീഡിയാ വര്‍ക് ഷോപ്പ് മലപ്പുറം പ്രസ് ക്ലബില്‍ സംഘടിപ്പിച്ചു. പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക ഉദ്ഘാടനം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.ഷിബുലാല്‍, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വി.ബിജുമോന്‍ എന്നിവര്‍ സംസാരിച്ചു.