ആരോഗ്യ ജാഗ്രത നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടര്‍

post

മലപ്പുറം : കൊറോണ വൈറസ് ആശങ്കകള്‍ അകലുമ്പോഴും ആരോഗ്യ ജാഗ്രത നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നു ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക്. രോഗബാധിത രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തുന്നവരുടെ എണ്ണം ജില്ലയില്‍ കുറയുകയാണ്. രോഗ ഭീഷണി നിലനില്‍ക്കെ പകര്‍ച്ച വ്യാധി ലക്ഷണങ്ങള്‍ തള്ളിക്കളയരുതെന്നു കൊറോണ പ്രതിരോധ മുഖ്യ സമിതി അവലോകന യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 290 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളതെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സകീന അറിയിച്ചു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ മൂന്നുപേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. 287 പേര്‍ വീടുകളിലെ നിരീക്ഷണത്തിലും കഴിയുന്നു.

രണ്ടുഘട്ട വിദഗ്ധ പരിശോധനകള്‍ക്കായി ഇതുവരെ അയച്ച 43 സാമ്പിളുകളില്‍ 39 പേരുടെ ഫലം ലഭ്യമായി. ഇതിലാര്‍ക്കും വൈറസ് ബാധയില്ലെന്നു ആരോഗ്യ വകുപ്പു സ്ഥിരീകരിച്ചു. രോഗബാധയില്ലെന്നു സ്ഥിരീകരിച്ച രണ്ടുപേരെക്കൂടി ഇന്നലെ (ഫെബ്രുവരി 13) ഐസൊലേഷന്‍ വാര്‍ഡിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കി. ഇതോടെ ആശുപത്രിയിലെ പ്രത്യേക നിരീക്ഷണത്തില്‍നിന്നൊഴിവാക്കിയവരുടെ എണ്ണം 39 ആയി.

കൊറോണ വൈറസ് മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ജാഗ്രത പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജലദോഷം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ അനുഭവപ്പെട്ടാല്‍ മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. സാധാരണ പകര്‍ച്ച വ്യാധികളുള്ളവര്‍ ചികിത്സ തേടിയ ശേഷം വീടുകളില്‍തന്നെ വിശ്രമിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദ്ദേശിച്ചു. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല, തോര്‍ത്ത്/തുണി തുടങ്ങിയവ കൊണ്ട് വായും മൂക്കും മറയ്ക്കണം. ഇവ അണുവിമുക്തമാക്കണം. പൊതു സ്ഥലത്ത് തുപ്പാതിരിക്കുകയും ചെയ്യണം. വ്യക്തി ശുചിത്വം പാലിക്കണം.

രോഗബാധിത രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവര്‍ ജില്ലയിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 0483 2737858, 0483 2737857 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. കോറോണ ലക്ഷണങ്ങള്‍ സംശയിക്കുന്ന സാഹചര്യത്തിലും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാവുന്നതാണ്. 9383464212 എന്ന മൊബൈല്‍ നമ്പറില്‍ വാട്‌സാപ്പ് സൗകര്യവും ലഭ്യമാണ്. cmcdmomlpm@gmail.com എന്ന മെയില്‍ വഴിയും സംശയ ദൂരീകരണം നടത്താം. അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കുമാര്‍ ചൗധരി, എന്‍.എച്ച്.എം. ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എ. ഷിബുലാല്‍, മഞ്ചേരി മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ. നന്ദകുമാര്‍, മാസ് മീഡിയ ഓഫീസര്‍ ടി.എം. ഗോപാലന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ജി. ബിന്‍സിലാല്‍ തുടങ്ങിയവര്‍ ജില്ലാതല അവലോകന യോഗത്തില്‍ പങ്കെടുത്തു.