മത്സ്യത്തൊഴിലാളികള്‍ക്കായി അപകട ഇന്‍ഷുറന്‍സ് പദ്ധതി

post


കൊല്ലം: മത്സ്യഫെഡ് നടപ്പിലാക്കിവരുന്ന മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഇന്‍ഷുറന്‍സ് പദ്ധതിയിലൂടെ 10 ലക്ഷം രൂപയുടെ ആനുകൂല്യം ലഭിക്കും. അപകടത്തില്‍ പൂര്‍ണ അംഗവൈകല്യം സംഭവിച്ചാല്‍ 10 ലക്ഷം രൂപ. ഭാഗികമായ അംഗവൈകല്യത്തിന് മെഡിക്കല്‍ ബോര്‍ഡ് ശുപാര്‍ശ പ്രകാരം പരമാവധി 5 ലക്ഷം. ആശുപത്രിവാസവും ഭാഗിക അംഗവൈകല്യത്തിലേക്ക് നയിക്കുന്ന സാഹചര്യവും കണക്കിലെടുത്ത് പരമാവധി രണ്ടു ലക്ഷം രൂപ വരെയാണ് ലഭിക്കുക.


അപകടമരണമാണെങ്കില്‍ മൃതദേഹം ആശുപത്രിയില്‍ നിന്ന് വീട്ടില്‍ കൊണ്ടുപോകുന്നതിന് ആംബുലന്‍സ് ചാര്‍ജ് ആയി 2500 രൂപ വരെ ലഭിക്കും. മരിച്ച മത്സ്യത്തൊഴിലാളിയുടെ 25 വയസിനു താഴെ പ്രായമുള്ള മക്കളുടെ പഠന ആവശ്യത്തിന് ഒരാള്‍ക്ക് 5000 രൂപ ക്രമത്തില്‍ രണ്ട് കുട്ടികള്‍ക്ക് വരെ പരമാവധി 10,000 രൂപ കുടുംബത്തിന് ഒറ്റത്തവണത്തേയ്ക്ക് ധനസഹായമായി നല്‍കും.
18 നും 70 നും മധ്യേ പ്രായമുള്ളവര്‍ക്ക് പദ്ധതിയില്‍ അംഗമാകാം.


2022 മാര്‍ച്ച് 29 ന് മുമ്പ് നിര്‍ദ്ദിഷ്ട ഫോമില്‍ അപേക്ഷ സമര്‍പ്പിച്ച് പ്രീമിയം തുകയായ 389 രൂപ അടുത്തുള്ള മത്സ്യത്തൊഴിലാളി സഹകരണ സംഘത്തില്‍ അടയ്ക്കണം. പോളിസിയുടെ കാലാവധി 2022 ഏപ്രില്‍ ഒന്നു മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ്. എല്ലാ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകളും അവരുടെ വള്ളത്തിലെ/ബോട്ടിലെ മുഴുവന്‍ തൊഴിലാളികളെയും, എസ്. എച്ച്. ജി. ഗ്രൂപ്പുകള്‍ എല്ലാ അംഗങ്ങളെയും ഇന്‍ഷ്വര്‍ ചെയ്യണം. ഫോണ്‍- ജില്ലാ ഓഫീസ് 9526041229, ക്ലസ്റ്റര്‍ ഓഫീസുകള്‍ 9526041072, 9526041293, 9526041324, 9526041178, 9526042211, 9526041325.