ജൈവ, അജൈവ മാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ട് മൂന്നാര്‍ ഗ്രാമപഞ്ചായത്ത്

ഇടുക്കി: മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ പരിധിയില്‍ വരുന്ന കോളനികള്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളില്‍ ജൈവമാലിന്യ ശേഖരണവും സംസ്‌ക്കരണവും കാര്യക്ഷമമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് ആരംഭം കുറിച്ചു. അഡ്വ. എ രാജ എംഎല്‍എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഹരിതകേരളം മിഷന്‍, കുടുംബശ്രീ, യുഎന്‍ഡിപി, റീ സിറ്റി തുടങ്ങിയവയുടെ സഹകരണവും പദ്ധതി നടത്തിപ്പിനായി പഞ്ചായത്തിനുണ്ട്. ഇതിന്റെ ഭാഗമായി ഈ വാര്‍ഡുകളില്‍ ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി.
പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ ജൈവമാലിന്യത്തിനൊപ്പം അജൈവ മാലിന്യ സംസ്‌ക്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ലക്ഷ്യമിട്ടാണ് ഹരിതകര്‍മ്മ സേനയുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് തുടക്കം കുറിച്ചിട്ടുള്ളത്. നൂറ് വീടുകള്‍ക്ക് ഒരു ഹരിത കര്‍മ്മസേനയെന്ന നിലയിലാകും പ്രവര്‍ത്തനം നടക്കുക. ദിവസവും രാവിലെ 7 മുതല്‍ 9 വരെയുള്ള സമയത്ത് കോളനികളില്‍ സ്ഥാപിക്കുന്ന വെയിസ്റ്റ് ബിന്നുകളില്‍ ജൈവ മാലിന്യം ആളുകള്‍ക്ക് നിക്ഷേപിക്കാം. ഹരിത കര്‍മ്മസേനാംഗങ്ങള്‍ ഇത് നീക്കം ചെയ്യും. മാസത്തില്‍ രണ്ട് തവണ വീടുകളില്‍ നിന്ന് അജൈവ മാലിന്യം ഹരിതകര്‍മ്മ സേന ശേഖരിക്കും.
റീ സിറ്റി പങ്കാളിത്തം വഹിക്കുന്ന നെസ്ലെയുടെ ഹില്‍ഡാരി പദ്ധതി പ്രകാരം വീടുകളില്‍ സ്ഥാപിച്ച ക്യൂ ആര്‍ കോഡിന്റെ ഉദ്ഘാടനം ദേവികുളം സബ് കളക്ര്‍ രാഹുല്‍ ക്യഷ്ണ ശര്‍മ്മ നിര്‍വ്വഹിച്ചു. ഈ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ യൂസര്‍ ഫീ അടച്ചതടക്കമുള്ള കുടുംബങ്ങളുടെ വിവരങ്ങള്‍ ലഭ്യമാകും. വീടുകളില്‍ നിന്ന് ശേഖരിക്കുന്ന ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റാന്‍ ലക്ഷ്യമിടുന്നതായും കോളനികളും പരിസരവും കൂടുതല്‍ ശുചിത്വമുള്ളതാക്കി മാറ്റാന്‍ ലക്ഷ്യം വയ്ക്കുന്നതാണ് പഞ്ചായത്തിന്റെ പദ്ധതിയെന്നും ഗ്രാമപഞ്ചായത്ത് അധികൃതര്‍ പറഞ്ഞു. ഹരിതകര്‍മ്മ സേനാംഗങ്ങള്‍ക്കുള്ള യൂണിഫോമും തിരിച്ചറിയല്‍ കാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്തു.