റോഡ് സേഫ്റ്റി കാരവാൻ; സംസ്ഥാന തലത്തിൽ തുടക്കമായി

post



മലപ്പുറം: കോവിഡ് വാരിയേഴ്‌സ് കേരളയും മോട്ടോർ വാഹന വകുപ്പും നാഷണൽ സർവീസ് സ്കീം കേരളാ ഘടകവുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന "റോഡ് സേഫ്റ്റി കാരവാൻ" പദ്ധതി സംസ്ഥാന തലത്തിൽ തുടക്കമായി. ചേളാരി എ.കെ.എൻ.എം ഗവ.പോളിടെക്‌നിക് കോളജിൽ സംഘടിപ്പിച്ച പരിപാടി പി. അബ്ദുൽ ഹമീദ് എം. എൽ. എ ഉദ്ഘാടനം ചെയ്തു. റോഡ് സുരക്ഷ ജീവൻ സുരക്ഷ എന്ന പ്രമേയത്തിൽ ഫെബ്രുവരി 28 മുതൽ മാർച്ച്‌ 20 വരെയാണ് ക്യാമ്പയിൻ. യുവാക്കളിൽ റോഡ് സുരക്ഷയെക്കുറിച്ച് അവബോധമുണ്ടാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി നടന്ന സൈക്കിൾ റാലി എം. എൽ. എ ഫ്ലാഗ് ഓഫ്‌ ചെയ്തു. റോഡ് സുരക്ഷാ പ്രതിജ്ഞയെടുത്തു.

ജില്ലയെ പൊന്നാനി, കുറ്റിപ്പുറം, തിരൂർ, തിരൂരങ്ങാടി, കോട്ടക്കൽ, മഞ്ചേരി,പെരിന്തൽമണ്ണ, നിലമ്പൂർ, മലപ്പുറം എന്നിങ്ങനെ ഒൻപത് ക്ലസ്റ്ററുകളായി തിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിലും ക്യാമ്പയിനുകളും പൊതുജനങ്ങൾക്കായി ബോധവത്കരണം, സീബ്രാ ലൈനിലൂടെയുള്ള നടപ്പ് പരിശീലനം തുടങ്ങിയവയും സംഘടിപ്പിക്കും. ഓരോ ക്ലസ്റ്ററുകളിലും വിവിധ ജനപ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സാംസ്‌കാരിക നേതാക്കൾ സംബന്ധിക്കും. 20 ദിവസം നീണ്ടു നിൽക്കുന്ന പദ്ധതി വിവിധ മന്ത്രിമാർ, ജില്ലാ കലക്ടർ, ജനപ്രതിനിധികൾ, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, സ്റ്റേറ്റ് എൻ. എസ്. എസ് ഓഫീസർ എന്നിവരുടെ സാന്നിധ്യത്തിൽ മാർച്ച്‌ 20 ന് മലപ്പുറത്തു സമാപിക്കും. ടെക്നിക്കൽ സെല്ലിനു കൂടെ ഹയർ സെക്കൻഡറി, വി. എച്. സി, കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി, കെ. ടി. യു തുടങ്ങി സംസ്ഥാനത്തെ മറ്റു സെല്ലുകളും പദ്ധതിയുടെ ഭാഗമാകും. തിരൂരങ്ങാടി ആർ.ടി.ഒ എം.പി അബ്ദുൽ സുബൈർ മുഖ്യാതിഥിയായി. പദ്ധതിയുടെ ഭാഗമായി കുറഞ്ഞ കാലയളവിൽ കൂടുതൽ ആളുകളിലേക്ക് സന്ദേശം എത്തിക്കുന്നതിനുള്ള മാർഗ നിർദ്ദേശങ്ങൾ ടെക്നിക്കൽ സെൽ ഡിസ്ട്രിക്ട് പി.ഒ ഖാദർ കെ.എ വിശദീകരിച്ചു.