അട്ടപ്പാടിക്കായി കുടുംബശ്രീയുടെ മില്ലറ്റ് കഫെ

post


പാലക്കാട്: അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി  പുതൂര്‍ പഞ്ചായത്ത് സമിതിയുടെ കീഴില്‍ ആരംഭിച്ച ഉപജീവന സംരംഭമായ മില്ലറ്റ് കഫേ ശ്രദ്ധേയമാവുന്നു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ കേരളത്തില്‍ ആദ്യമായാണ് മില്ലറ്റ് കഫേ ആരംഭിച്ചത്. ചെറു ധാന്യങ്ങളുടെ ഉപയോഗവും കൃഷിയും പ്രോല്‍സാഹിപ്പിക്കുക, നല്ല ഭക്ഷണം പ്രാദേശികമായി ലഭ്യമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് മില്ലറ്റ് കഫേ പ്രവര്‍ത്തിച്ചു വരുന്നത്. കാര്‍ഷിക മേഖലയില്‍ ഹില്‍ വാല്യു ബ്രാന്‍ഡില്‍ ആരംഭിക്കുന്ന 13 മത്തെ സംരംഭമാണ് മില്ലറ്റ് കഫേ. കുടുംബശ്രീയുടെ ഭാഗമായി 1037 ജെ.എല്‍.ജി.കളിലായി 4606 കര്‍ഷകര്‍ വിവിധ വിളകള്‍ കൃഷി ചെയ്യുന്നു. 606.5 ഏക്കറില്‍ ചെറു ധാന്യങ്ങളായ റാഗി, ചാമ, ചോളം, വരഗ്, തിന, കുതിര വാലി എന്നിവ കൃഷി ചെയ്തു വരുന്നു.

2014 മുതലാണ് കാര്‍ഷിക മേഖലയില്‍ മഹിളാ കിസാന്‍ ശാക്തികരണ പരിയോജന പദ്ധതിക്ക് തുടക്കമിട്ടത്. 'ചിത്ര ശലഭം'  കാര്‍ഷിക സംരംഭ ഗ്രൂപ്പിന്റെ അംഗങ്ങളായ രേശി, ലക്ഷ്മി, ലക്ഷ്മി എന്നിവരാണ് സംരംഭകര്‍. റാഗി അട, പുട്ട്, ചാമ പായസം, ചാമ ബിരിയാണി, വരഗ് ദോശ, റാഗി മുറുക്ക് തുടങ്ങിയ വിഭവങ്ങള്‍ മില്ലറ്റ് കഫേയില്‍ ലഭ്യമാണ്. മില്ലറ്റ് കഫേയുടെ ഉദ്ഘാടനം അട്ടപ്പാടി ബ്ലോക്ക് പ്രസിഡന്റ് മാരുതി മുരുകന്‍ നിര്‍വഹിച്ചു.