വരുന്നു... പൊന്നാനി - ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ജലപാത

post


മലപ്പുറം: പൊന്നാനി - ബേപ്പൂർ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കനോലി കനാലിലൂടെ ജലപാത ഒരുക്കാനുള്ള പദ്ധതി നടപ്പാക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ  പറഞ്ഞു. ജലഗതാഗതവും വിനോദസഞ്ചാരവും പ്രോത്സാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം താനൂർ അങ്ങാടിപ്പാലത്തിനു കീഴെ ഒഴുകുന്ന കനോലി കനാൽ സന്ദർശിച്ച് മന്ത്രി പറഞ്ഞു. പദ്ധതിയുടെ വിശദപഠനം നടത്തി റിപ്പോർട്ട്‌ എത്രയും വേഗം സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദ്ദേഹം നിർദേശം നൽകി.

ദേശീയ ഉൾനാടൻ ജലഗതാഗത വകുപ്പിന്റെ കീഴിലാണ് കനോലി കനാലിന്റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നത്. മലപ്പുറം ജില്ലയിൽ അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു. താനൂർ മണ്ഡലത്തിൽ താനൂർ - കൂട്ടായി കനാലിന്റെ ഒമ്പത് കിലോമീറ്ററും പൂരപ്പുഴയുടെ മൂന്ന് കിലോമീറ്ററുമാണ് ജലപാതയുടെ നീളം. ഈ പരിധിയിൽ മൂന്ന് നടപ്പാലങ്ങൾ ഉൾപ്പെടെ ഏഴ് പാലങ്ങളാണ് ഉള്ളത്. ജലപാതയ്ക്ക് അനുസൃതമായി അവയെ പുതുക്കിപ്പണിയൽ , കനാലിന്റെ വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട് സ്ഥലമെറ്റെടുക്കൽ തുടങ്ങിയ പ്രവർത്തങ്ങൾ അടുത്ത ഘട്ടത്തിൽ തീരുമാനിക്കും.

പദ്ധതി യഥാർഥ്യമാകുമ്പോൾ ജില്ലയുടെ ടൂറിസം സാദ്ധ്യതകൾ അനന്തമാകുമെന്നും കനാലിന്റെ മലിനീകരണ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാകുന്നതോടൊപ്പം തൊഴിൽ സാധ്യതയും ഏറുമെന്നും മന്ത്രി പറഞ്ഞു.