ഇനി ഇവരുടെ സ്വപ്നങ്ങള്‍ക്കും നിറം പകരും

post

കാസര്‍കോട്: പരപ്പ ബ്ലോക്കിലെ ഒരു സംഘം പട്ടിക വര്‍ഗ യുവാക്കളുടെ സ്വപ്നങ്ങള്‍ നിറമുള്ളതാവുകയാണ്. തൊഴിലില്ലായ്മയും തൊഴില്‍ ചൂഷണവും ഇനി അവര്‍ക്ക് പഴങ്കഥ. പട്ടിക വര്‍ഗ വികസന വകുപ്പിന്റെ ഗോത്ര ജീവിക പദ്ധതി പ്രകാരം പെയിന്റിംഗ് പരിശീലനം പൂര്‍ത്തീകരിച്ചിരിക്കുകയാണ് അവര്‍ മുപ്പത് പേര്‍.  അവരെ സ്വയം തൊഴിലിനു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു മാസത്തെ പെയിന്റിംഗ് പരിശീലനം ലഭിച്ച ഇവര്‍ ഇനി മുതല്‍ വീടുകള്‍ക്കും അവരുടെ സ്വപ്നങ്ങള്‍ക്കും നിറം പകരാന്‍ ഇറങ്ങുന്നു.

പരപ്പ ബ്ലോക്ക് പഞ്ചായത്തില  പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ട 30 യുവാക്കള്‍ക്കാണ് തൊഴില്‍ പരിശീലനം നല്കിയത്. ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍ - കരിന്തളം തുടങ്ങിയ പഞ്ചായത്തുകളില്‍ നിന്നുമാണ് യുവാക്കളെ തെരഞ്ഞെടുത്തത്. മുഖ്യ പരിശീലകനായ ജോസഫ് പതിയിലിന്റെ നേതൃത്വത്തില്‍ ഒരു മാസമായിരുന്നു പരിശീലനം. പരിശീലനം പൂര്‍ത്തിയാക്കിയ യുവാക്കള്‍ ഇതിനകം തന്നെ രണ്ടു വീടുകളുടെ പെയിന്റിംഗ് പ്രവര്‍ത്തികള്‍ സ്വന്തമായി പൂര്‍ത്തിയാക്കുകയും ചെയ്തു.

പട്ടിക വര്‍ഗ ജനവിഭാഗങ്ങളുടെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും മെച്ചപ്പെട്ട വേതനം ഉറപ്പു വരുത്തുന്നതിനും സ്ഥിരതയാര്‍ന്ന തൊഴിലവസരങ്ങള്‍  സൃഷ്ടിക്കുന്നതിനും  നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഗോത്ര ജീവിക. പട്ടിക വര്‍ഗവികസന വകുപ്പിനു വേണ്ടി സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് പദ്ധതി നടപ്പിലാക്കുന്നത് . പദ്ധതിയുടെ  നടത്തിപ്പിന്റെ ഭാഗമായി ബോധവത്കരണ ശില്പശാലകള്‍ നടത്തുകയും ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നേരിട്ട് അപേക്ഷ നല്‍കുന്നവരില്‍ നിന്നുമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്. 18 നും 50 നും വയസിനിടയില്‍ തൊഴില്‍ ചെയ്യാന്‍ കായിക ക്ഷമതയുള്ളവരെയാണ് തെരഞ്ഞെടുത്തത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലനം നല്കുകയാണ് അടുത്ത ഘട്ടം. പരിശീലനത്തിനു ശേഷം 10 പേര്‍ അടങ്ങുന്ന ഗ്രൂപ്പുകളായി തിരിച്ചു സ്വയം സഹായ സംഘങ്ങള്‍ സൃഷ്ടിക്കുകയാണ് മൂന്നാം ഘട്ടം. ഇത്തരം സംഘങ്ങള്‍ക്ക് പണികള്‍ ഏറ്റെടുത്ത് നടത്തുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങളും പണി ആയുധങ്ങള്‍ വാങ്ങുന്നതിനുള്ള സഹായവും നല്കും . മേസണ്‍, ഫ്ളോറിംഗ്, പെയിന്റിംഗ്, മരപ്പണി, ബാഗ് നിര്‍മാണം, ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ റിപ്പയറിംഗ് തുടങ്ങിയ തൊഴിലുകളില്‍ ഗോത്ര ജീവിക പദ്ധതി പ്രകാരം പരിശീലനം നല്കുന്നു.