ചിറ്റൂരിന്റെ പാല്‍പ്പെരുമ; പ്രതിദിനം 1,30,542 ലിറ്റര്‍ പാല് ഉല്പാദനം

പാലക്കാട്: പ്രതിദിനം ശരാശരി 1,30,542 ലിറ്റര്‍ പാല് ഉത്പാദിപ്പിച്ച് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീരകര്‍ഷകര്‍. 2020-21 വര്‍ഷത്തില്‍ പ്രതിദിനം ശരാശരി 1,30,542 ലിറ്റര്‍ പാലാണ് ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നത്.2019- 20 വര്‍ഷത്തെക്കാള്‍ പ്രതിദിനം 7500 ലിറ്റര്‍ പാലിന്റെ വര്‍ദ്ധനയാണ് ഉണ്ടായിട്ടുള്ളത്.
സൂക്ഷ്മകൃഷിയിലൂടെ വിജയം കൊയ്യുന്ന പെരുമാട്ടി പഞ്ചായത്ത്, സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിക്കുന്ന വടകരപ്പതി പഞ്ചായത്ത്, കരിമ്പ്, നിലക്കടല മുതലായ കൃഷികളുള്ള എലപ്പുള്ളി, പൊല്‍പ്പുള്ളി പഞ്ചായത്തുകള്‍, വന്‍കിട പശുഫാമുകളുള്ള കൊഴിഞ്ഞാമ്പാറ ഗ്രാമപഞ്ചായത്ത്, ചിറ്റൂര്‍-തത്തമംഗലം മുനിസിപ്പാലിറ്റി എന്നിവ ഉള്‍പ്പെടുന്നതാണ് ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റ്.
59 ക്ഷീര സംഘങ്ങളിലായി 6150 കര്‍ഷകര്‍
ചിറ്റൂര്‍ ക്ഷീരവികസനയൂണിറ്റിന് കീഴില്‍ ആകെ 59 ക്ഷീരസംഘങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. 6150 ക്ഷീരകര്‍ഷകര്‍ പ്രതിദിനം സംഘങ്ങളില്‍ പാല് നല്കിവരുന്നു. ഒന്നും രണ്ടും പശുക്കളെ വളര്‍ത്തി ജീവിതം നയിക്കുന്ന സാധാരണ കര്‍ഷകരും 50 മുതല്‍ 100 പശുക്കള്‍ ഉള്‍പ്പെടുന്ന മുപ്പതോളം വന്‍കിട കര്‍ഷകരും ചിറ്റൂര്‍ മേഖലയിലുണ്ട്. പ്രതിമാസം ശരാശരി പരിശോധിക്കുകയാണെങ്കില്‍ 42,53,764 ലിറ്റര്‍ പാല് ക്ഷീരസംഘങ്ങള്‍ വഴി വിപണിയില്‍ നല്കുമ്പോള് ശരാശരി 1616.43 ലക്ഷം രൂപ ക്ഷീരകര്ഷകരിലെത്തുന്നു.
ക്ഷീരവികസന പദ്ധതികളുമായി വകുപ്പും ത്രിതല പഞ്ചായത്തും
ക്ഷീരവികസനവകുപ്പിന്റെയും ത്രിതലപഞ്ചായത്തുകളുടെയും നേതൃത്വത്തില്‍ വിവിധങ്ങളായ ക്ഷീരവികസനപദ്ധതികളും ധനസഹായവും ക്ഷീരകര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കുമായി നടപ്പിലാക്കുന്നുണ്ട്. കേരള സര്‍ക്കാര്‍ ക്ഷീരവികസനവകുപ്പ് മുഖേന 2019- 20 വര്‍ഷത്തില്‍ 98.75 ലക്ഷം രൂപയും 2020-21ല്‍ 154.89 ലക്ഷം രൂപയും 2021-22 വര്‍ഷത്തില്‍ ഇതുവരെ 111 ലക്ഷം രൂപയും ക്ഷീരകര്‍ഷകര്‍ക്ക് ധനസഹായമായി നല്കി. ത്രിതലപഞ്ചായത്ത് പദ്ധതിപ്രകാരം ക്ഷീരകര്‍ഷകര്‍ക്ക് മാത്രമായി 2019-20ല്‍ 150. 77 ലക്ഷവും 2020-21ല്‍ 225.12 ലക്ഷവും 2021- 22ല്‍ 174. 91 ലക്ഷം രൂപയും ഉള്‍പ്പെടെ 3.5 കോടിയോളം ചിറ്റൂര്‍ ക്ഷീരമേഖലയില്‍ വിനിയോഗിച്ചു.
1800 ഹെക്ടറിലാണ് ക്ഷീരകര്‍ഷകര്‍ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്. തീറ്റപ്പുല്‍കൃഷി പദ്ധതിയിനത്തില്‍ ജലസേചനം, സബ്സിഡി, യന്ത്രവല്‍ക്കരണം, ഹൈഡ്രോപോണിക് കൃഷി, തരിശുഭൂമിയില്‍ കൃഷി എന്നീ പദ്ധതികളും ധനസഹായവും നടപ്പാക്കുന്നുണ്ട്. ഊര്‍ജിതമായ പ്രവര്‍ത്തനങ്ങള്‍വഴി കേരളത്തിലെ പാലുത്പാദനരംഗത്ത് മികച്ച സംഭാവന നല്‍കുകയാണ് ചിറ്റൂര്‍ ബ്ലോക്ക്.