കശുവണ്ടി മേഖലയിലെ സമഗ്ര പദ്ധതിയ്ക്ക് ബോര്‍ഡ് രൂപീകരിക്കും

post


കൊല്ലം: കശുവണ്ടി മേഖലയുടെ നിലനില്‍പ്പ് ലക്ഷ്യമാക്കി സമഗ്രവും ക്രിയാത്മകവുമായ പദ്ധതിക്ക് രൂപം നല്‍കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. കൊട്ടിയത്ത് കശുവണ്ടി വികസന കോര്‍പ്പറേഷന്റെ ഫാക്ടറിയില്‍ തൊഴിലാളികള്‍ക്കുള്ള അഞ്ചുവര്‍ഷത്തെ  ഗ്രാറ്റുവിറ്റി വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യവസായത്തിന്റെ പുരോഗതിക്കായി ഒരു മാസ്റ്റര്‍  പ്ലാനും തയ്യാറാക്കും. വിപണനം, സാമ്പത്തിക കാര്യം എന്നിവയില്‍ വൈദഗ്ധ്യമുള്ളവരെ ഉള്‍പ്പെടുത്തി ബോര്‍ഡ് രൂപീകരിച്ചു മികവ് ഉറപ്പാക്കും. ആധുനീകരണം  മേഖലയില്‍ നടപ്പിലാക്കും. തൊഴില്‍ ഉറപ്പാക്കി ആകും  മാറ്റങ്ങള്‍ വരുത്തുക.


ഉല്‍പ്പന്ന വൈവിധ്യവല്‍ക്കരണം വഴി ലാഭകരമായി വ്യവസായം നടത്തുന്നതിനുള്ള അന്തരീക്ഷവും സൃഷ്ടിക്കും. കശുമാവ് കൃഷി വ്യാപനത്തിലൂടെ തോട്ടണ്ടിയുടെ സ്വയംപര്യാപ്തത കൂടി ലക്ഷ്യമാക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. തോട്ടണ്ടിക്ക് വിലകുറയുന്ന സമയത്തുതന്നെ വാങ്ങുന്നതിന് കൃത്യമായി പണം ലഭ്യമാക്കുമെന്ന് അധ്യക്ഷനായ ധനകാര്യവകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.


സ്വകാര്യമേഖലയിലെ കടക്കെണി പരിഹരിക്കുന്നതിനും മുന്‍കൈയെടുക്കും. അഞ്ചു വര്‍ഷത്തെ ഗ്രാറ്റുവിറ്റി ഒന്നിച്ച് നില്‍ക്കുന്ന ചരിത്രമുഹൂര്‍ത്തം ആണ് ഇന്നിവിടെ കാണാനാകുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൊഴിലാളികളോട് പ്രതിബദ്ധതയുള്ള സര്‍ക്കാരാണ് കേരളത്തില്‍ തുടരുന്നതെന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എല്ലാ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് ലഭ്യമാക്കുന്നത് ഉറപ്പാക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്തു.