പൊതു മേഖലയെ സംരക്ഷിക്കാന്‍ ആവശ്യമായ പണം നല്‍കും

കൊല്ലം: പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പ്പിന് അടിയന്തര ഘട്ടത്തില്‍ ആവശ്യമായ പണം ഗഡുക്കളായി നല്‍കുന്നതിന് പകരം ഒന്നിച്ച് നല്‍കുന്നത് പരിഗണനയിലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ചാത്തന്നൂരിലെ കൊല്ലം സഹകരണ സ്പിന്നിംഗ് മില്‍ രണ്ടാംഘട്ട നവീകരണ പദ്ധതിയുടെ ഉദ്ഘാടനവും ഗ്രാറ്റുവിറ്റി വിതരണവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് മാതൃകയായ പൊതുമേഖലയാണ് കേരളത്തിലേത്. അത് നിലനിര്‍ത്തുന്നതിന് എല്ലാ പിന്തുണയും സര്‍ക്കാര്‍ നല്കി വരികയാണ്. അത് ഇനിയും തുടരും.
എന്നാല്‍ ഉല്‍പ്പാദനക്ഷമത വര്‍ധനയ്ക്ക് പ്രാമുഖ്യം നല്‍കേണ്ടതുണ്ട്. മത്സരാധിഷ്ഠിത അന്തരീക്ഷത്തില്‍ മുന്നിട്ടു എന്നാല്‍ മാത്രമേ നിലനില്‍പ്പ് സാധ്യമാവുകയുള്ളൂ. അതിനായി തൊഴിലാളികളുടെ പ്രയത്നവും ആധുനീകരണവും പ്രധാനമാണ്. ഇത് മുന്നില്‍ കണ്ട് തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാന്‍ പ്രാവര്‍ത്തികമാക്കി വരികയാണ്. അത് ലക്ഷ്യം കാണുന്നതിന് ഉദാഹരണമാണ് സമീപകാല കേരള ചരിത്രത്തിലാദ്യമായി 5 സ്പിന്നിംഗ് മില്ലുകള്‍ ലാഭത്തിലായത്.
ഉന്നതനിലവാരം ഉല്‍പ്പന്നത്തിന് ഉറപ്പാക്കാന്‍ ആയാല്‍ മികച്ച നിലയില്‍ മുന്നോട്ടു പോകാനാകും എന്നും മന്ത്രി പറഞ്ഞു. ആധുനീകരണം നടപ്പാക്കുന്നതിന് ഒപ്പം വികസന പരിപാടികള്‍ വിപുലീകരിച്ച് പൊതുമേഖലയെ നിലനിര്‍ത്തുമെന്ന് കുടിശ്ശിക വിതരണത്തിന് പങ്കെടുത്ത ധനകാര്യവകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.