ആര്യാട് ബ്ലോക്കിലെ 'മയില്‍പ്പീലിക്കൂട്ടം' ഷോര്‍ട്ട് ഫിലിമൊരുക്കുന്നു

post

ആലപ്പുഴ: ആര്യാട് ബ്ലോക്ക് പഞ്ചായത്തിലെ കുട്ടികളുടെ കലാ വൈഭവത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന മയില്‍പ്പീലിക്കൂട്ടം പദ്ധതിയിലെ കുട്ടികള്‍ ചേര്‍ന്ന് ഷോര്‍ട്ട് ഫിലിം ഒരുക്കുന്നു. രചനയും സംവിധാനവും ക്യാമറയും കലാസംവിധാനവും അഭിനയവുമെല്ലാം കുട്ടികള്‍ തന്നെയാണ്. 'തിളക്കം' എന്ന പേരിലാണ് ഷോട്ട് ഫിലിം അണിയിച്ചൊരുക്കുന്നത്.

'റെഡി...സ്റ്റാര്‍ട്ട് ക്യാമറാ... ആക്ഷന്‍....' സംവിധായിക കലവൂര്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ്സുകാരി സുഹാന ഉച്ചത്തില്‍ വിളിച്ചു പറഞ്ഞതോടെ ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിന് തുടക്കമായി . ലൂഥറന്‍ ഹൈസ്‌കൂളിലെ ആനന്ദ് മധു ക്യാമറ ചലിപ്പിച്ചു. അഭിഷേക് മധു കലാസംവിധാനം ഒരുക്കി. കലവൂര്‍ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി അനുപമ മോഹന്റെ കഥയിലും തിരക്കഥയിലും രൂപപ്പെട്ട കഥാപാത്രങ്ങളെ അഭിനേതാക്കളായ കുട്ടികള്‍ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചു.

2016 ലാണ് ആര്യാട് ബ്ലോക്ക് പഞ്ചായത്ത് കുട്ടികളുടെ സര്‍ഗ്ഗശേഷി ഉയര്‍ത്തുന്നതിനായി മയില്‍പ്പീലിക്കൂട്ടം എന്ന പദ്ധതിക്ക് രൂപം നല്‍കിയത്. ബ്ലോക്ക് പരിധിയിലുള്ള 13 യു.പി. സ്‌കൂളുകളില്‍ സ്‌ക്രീനിംഗ് ക്യാമ്പ് നടത്തി അഭിനയം, ചിത്രരചന, സാഹിത്യം എന്നീ മേഖലകളില്‍ മികവ് പുലര്‍ത്തുന്ന കുട്ടികളെ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നല്‍കി.

പൂങ്കാവ് എസ്.സി.എം.വി. യു.പി സ്‌കൂളിലും പൂങ്കാവ് പള്ളിമുറ്റത്തുമായാണ് സിനിമയുടെ ചിത്രീകരണം.  ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ അതിഥി താരങ്ങളായി ക്യാമറയ്ക്ക് മുന്നിലെത്തി.ഫെബ്രുവരി അവസാന വാരം ഷോട്ട് ഫിലിം പ്രദര്‍ശിപ്പിക്കും.