സ്‌കൂളുകളുടെ പൂര്‍ണമായ പ്രവര്‍ത്തനം: ഒരുക്കങ്ങള്‍ വിലയിരുത്തി

post

മലപ്പുറം: ജില്ലയില്‍ സ്‌കൂളുകള്‍ ഫെബ്രുവരി 21 മുതല്‍ ഒന്ന് മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍കരുതലുകളും ഒരുക്കങ്ങളും ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേം കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെബ്രുവരി 21 മുതല്‍ സ്‌കൂള്‍ സമയം രാവിലെ മുതല്‍ വൈകീട്ട് വരെ അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുളള ടൈംടേബിള്‍ അനുസരിച്ചാണ് നടക്കുക. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി  ദിവസങ്ങള്‍ ഒഴികെയുളള എല്ലാ  ശനിയാഴ്ചകളും പ്രവൃത്തി ദിവസമായിരിക്കും. എല്ലാ  ശനിയാഴ്ചകളിലും  സ്‌കൂള്‍തല  എസ്.ആര്‍.ജി ചേര്‍ന്ന്  പാഠഭാഗങ്ങളുടെ പൂര്‍ത്തീകരണം സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും  കുട്ടികളുടെ  പഠനനേട്ടം  ഉറപ്പു വരുത്തുന്നതിന് അനുയോജ്യമായ മാര്‍ഗങ്ങള്‍ അവലംബിക്കാനും കലക്ടര്‍ നിര്‍ദേശം നല്‍കി.

കുട്ടികളെ കയറ്റാത്ത ബസുകള്‍ക്കെതിരെ നടപടി

കുട്ടികളെ കയറ്റാന്‍ വിസമ്മതിക്കുന്ന ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കി. കുട്ടികളുടെ യാത്രാ സൗകര്യം ഉറപ്പുവരുത്തുന്നതിന് പി.ടി.എ മുന്‍കൈയെടുക്കണം. സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനും നിര്‍ദേശം നല്‍കി.

ശുചിത്വം ഉറപ്പാക്കണം

സ്‌കൂളുകളിലെ ക്ലാസുമുറികള്‍, ഓഫീസ്, സ്റ്റാഫ് റൂം, ശുചിമുറികള്‍ എന്നിവിടങ്ങളില്‍ ശുചിത്വം ഉറപ്പുവരുത്തണം. മാസ്‌ക്, സാനിറ്റൈസര്‍ എന്നിവയുടെ ഉപയോഗം ഉറപ്പുവരുത്തും. ഡിസ്‌പോസബിള്‍ മാസ്‌കുകളുടെ പുനരുപയോഗം തടയും.

ലഹരി ഉപയോഗം തടയാന്‍ നിരീക്ഷണവും നടപടികളും

കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിന് എക്‌സൈസ് വകുപ്പ് നടപടി സ്വീകരിക്കും. ഇതിനായി ബോധവത്ക്കരണ ക്ലാസുകള്‍ നടത്തും. സ്‌കൂളുകള്‍ ആരംഭിക്കുന്ന സമയത്തും പൊലീസ് നിരീക്ഷണം ഉണ്ടാകും. പി.ടി.എ, ക്ലാസ് പി.ടി.എ എന്നിവ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്താനും കലക്ടര്‍ നിര്‍ദേശം നല്‍കി. ആഴ്ചയില്‍ രണ്ട് ദിവസം ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗം ചേരും. 15 വയസിന് മുകളിലുള്ള മുഴുവന്‍ കുട്ടികള്‍ക്കും രണ്ട് ഡോസ് വാക്‌സിന് നല്‍കുന്നതിനുള്ള നടപടി ഊര്‍ജിതപ്പെടുത്തും. കുട്ടികളിലെ കൊഴിഞ്ഞുപോക്ക് പ്രത്യേകിച്ച് പട്ടിക വര്‍ഗ വിഭാഗങ്ങളിലേത് തടയുന്നതിനാവശ്യമായ നടപടി സ്വീകരിക്കും.

പഠന നിലവാരം ഉറപ്പുവരുത്തണം

എസ്.എസ്.എല്‍.സി   പരീക്ഷയുമായി   ബന്ധപ്പെട്ട്  ഓരോ  അധ്യാപകനും  ഓരോ  വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രധാനധ്യാപകര്‍ മുഖേന ബന്ധപ്പെട്ട ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. ക്രോഡീകരിച്ച റിപ്പോര്‍ട്ട്  വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് എല്ലാ തിങ്കളാഴ്ചയും നല്‍കണം.

പ്ലസ്ടു പരീക്ഷയുമായി ബന്ധപ്പെട്ട് ഓരോ അധ്യാപകനും ഓരോ വിഷയത്തിന്റെയും പ്ലാന്‍ തയ്യാറാക്കി എത്ര ശതമാനം പാഠഭാഗങ്ങള്‍ പൂര്‍ത്തീകരിച്ചു എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍മാര്‍ മുഖേന ബന്ധപ്പെട്ട റീജിയനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് എല്ലാ ശനിയാഴ്ചയും നല്‍കണം. എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷയുടെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍   പൊതുപരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ അതത് സ്‌കൂള്‍ തലത്തില്‍ ആവിഷ്‌കരിച്ച്  നടപ്പിലാക്കണം. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കായി പ്രത്യേക കര്‍മ്മപദ്ധതി അതത് സ്‌കൂള്‍ തലത്തില്‍ തയ്യാറാക്കി കുട്ടികളെ പരീക്ഷയ്ക്ക് തയ്യാറാക്കണം. കുട്ടികള്‍ക്ക് ആത്മവിശ്വാസം  നല്‍കുന്നതും മാനസിക  സംഘര്‍ഷം  ലഘൂകരിക്കാന്‍  ഉതകുന്നതുമായ   പ്രവര്‍ത്തനങ്ങള്‍  സ്‌കൂള്‍   തലത്തില്‍   ആവിഷ്‌കരിച്ച്  നടപ്പിലാക്കാനും നിര്‍ദേശം നല്‍കി.

കുട്ടികള്‍ക്ക് പിന്തുണ നല്‍കണം

 പഠന വിടവ് പരിഹരിക്കുന്നതിനുളള വ്യക്തിഗത പിന്തുണ കുട്ടികള്‍ക്ക് നല്‍കണം. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ ഇതു സംബന്ധിച്ച് പ്രത്യേകമായ ഊന്നല്‍ നല്‍കാനും നിര്‍ദേശം നല്‍കി. ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസുകളും പിന്തുണാ പ്രവര്‍ത്തനങ്ങളും ആവശ്യാനുസരണം തുടരണം. അതിനനുസൃതമായ സമ്മിശ്രരീതിശാസ്ത്രം അധ്യാപകര്‍ അവലംബിക്കണം. വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പരമാവധി സ്‌കൂളുകള്‍ സന്ദര്‍ശിച്ച് പാഠഭാഗങ്ങളുടെ  വിനിമയം സംബന്ധിച്ചും പൊതുപരീക്ഷകളുടെ മുന്നൊരുക്കം സംബന്ധിച്ചും വിലയിരുത്തലുകള്‍ നടത്തണമെന്നും ജില്ലാകലക്ടര്‍ അറിയിച്ചു.

യോഗത്തില്‍ ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍, ഉപവിദ്യാഭ്യാസ ഡയറക്ടര്‍ ജെ.എസ് കുസുമം, കോവിഡ് സര്‍വൈലന്‍സ് ഓഫീസര്‍ ഡോ.നവ്യ, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.


വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം

സ്‌കൂളുകള്‍ സാധാഇം നിലയില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികള്‍ക്ക് കോവിഡ് സുരക്ഷാമാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു.  ജില്ലയിലെ കോവിഡ് രോഗികളാകുന്നവരുടെ എണ്ണം കുറഞ്ഞ് വരുന്ന ഈ സാഹചര്യത്തില്‍ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ കുട്ടികള്‍ കൂടുതല്‍ അടുത്ത് ഇടപഴകുന്നത് മൂലം കോവിഡ് രോഗം വരാന്‍ സാധ്യതയുണ്ട്. കുട്ടികള്‍ക്ക് കോവിഡ് രോഗം വന്നാല്‍ ക്ലാസിലെ മറ്റു കുട്ടികള്‍ക്കും കോവിഡ് രോഗം പകരുന്നതിന്നും താത്കാലികമായിട്ടെങ്കിലും ക്ലാസുകള്‍ നിര്‍ത്തിവയ്‌ക്കേണ്ടി വരികയും ചെയ്യും. ഈ സാഹചര്യമില്ലാതിരിക്കാന്‍ എല്ലാ വിദ്യാര്‍ഥികളും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളായ മാസ്‌ക് ധരിക്കല്‍, കൈകള്‍ അണുവിമുക്തമാക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കൃത്യമായി പാലിക്കണം.

അധ്യാപകരും രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന് സഹായിക്കുകയും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യണം. സ്‌കൂളുകളും, കോളജുകളും, ട്യൂഷന്‍ സെന്ററുകളും, മതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കോവിഡ് സുരക്ഷാമാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അര്‍ഹരായ എല്ലാവരും എത്രയും പെട്ടെന്ന് തന്നെ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ഥിച്ചു.

വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ടത്  

· മൂക്കും വായും മൂടുന്ന വിധം മാസ്‌ക് ശരിയായി ധരിക്കണം. മാസ്‌ക്കില്‍ ഇടക്കിടെ സ്പര്‍ശിക്കരുത്.
· സംസാരിക്കുമ്പോഴും, ചുമക്കുമ്പോഴും, തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്. കൈകള്‍ ഇടക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകുകയോ, സാനിറ്റൈസര്‍ പുരട്ടുകയോ ചെയ്യണം.
· സ്‌കൂളിലും പരിസരങ്ങളിലും കൂട്ടം കൂടി നില്‍ക്കരുത്.
· പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കോ വീട്ടിലെ അംഗങ്ങള്‍ക്കോ ഉണ്ടെങ്കില്‍ സ്‌കൂളില്‍ വരരുത്. ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ അധ്യാപകരോട്/രക്ഷകര്‍ത്താക്കളോടോ പറയണം.
· സ്‌കൂളില്‍ ആര്‍ക്കെങ്കിലും കോവിഡ് രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ലഘുവായ ലക്ഷണങ്ങളാണെങ്കിലും പരിശോധന നടത്തണം. പോസിറ്റീവ് ആയാല്‍ ക്വാറന്റൈന്‍ പാലിക്കണം.
· ആഹാരം, കുടിവെള്ളം, പഠന സാമഗ്രികള്‍ എന്നിവ കൈമാറരുത്. ചുമരുകള്‍, കൈവരികള്‍ തുടങ്ങിയ ഇടങ്ങളില്‍ ആവശ്യമില്ലാതെ സ്പര്‍ശിക്കരുത്.
· ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിന് മുന്‍പും ശേഷവും കൈകള്‍ സോപ്പ്      ഉപയോഗിച്ച് കഴുകണം.
രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
· രോഗസാധ്യത നിലനില്‍ക്കുന്നതിനാല്‍ കോവിഡ് പ്രതിരോധ ശീലങ്ങള്‍ പാലിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കുട്ടികള്‍ക്ക് നല്‍കണം.
· മൂക്കും, വായും മൂടുന്ന വിധം മാസ്‌ക് ശരിയായി കുട്ടികളെ ധരിപ്പിക്കണം.സാനിറ്റൈസര്‍ കൊടുത്തുവിടണം.
· ഭക്ഷ്യവസ്തുക്കളും വെള്ളവും പഠന സാമഗ്രികളും കൈമാറരുതെന്ന് നിര്‍ദേശം നല്‍കണം.
· തിരക്കു കുറഞ്ഞ വാഹനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ചെയ്യണം.
· പനി, ചുമ, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങളുണ്ടെങ്കില്‍ സ്‌കൂളില്‍ വിടരുത്. പുറത്തു നിന്നുള്ള ഭക്ഷണം പരമാവധി ഒഴിവാക്കണം. പച്ചക്കറികളും പഴങ്ങളും ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.