പൊന്നാനിയില്‍ ഹൈഡ്രോഗ്രാഫിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നല്‍കാന്‍ ധാരണയായി

post

കടലിന്റെ മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം

മലപ്പുറം: പൊന്നാനി കേന്ദ്രമാക്കി ആരംഭിക്കാനിരിക്കുന്ന ഹൈഡ്രോഗ്രാഫിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സ്ഥലം വിട്ടു നല്‍കാന്‍ പി.നന്ദകുമാര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നടന്ന പദ്ധതി സ്ഥല സന്ദര്‍ശനത്തില്‍ ധാരണയായി. പൊന്നാനി ഹാര്‍ബറില്‍ കിഴക്ക് ഭാഗത്തായിഹൈഡ്രോഗ്രാഫിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ ആവശ്യമായി വരുന്ന സ്ഥലം വിട്ടു നല്‍കാനുള്ള നടപടിക്രമങ്ങള്‍ എത്രയും ഉടനെ പൂര്‍ത്തീകരിക്കാനാണ് ധാരണയായിട്ടുള്ളത്.

കടലിന്റെ മാറ്റങ്ങളും ഘടനയും സമഗ്രമായി പരിശോധിക്കുകയാണ് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ലക്ഷ്യം. കടലിന്റെ ആഴം, തിരയടിയുടെ ശക്തി , മണ്ണിന്റെ ഘടന, വേലിയേറ്റ  വേലിയിറക്ക സമയങ്ങളില്‍ കടല്‍ തീരത്തുണ്ടാകുന്ന മാറ്റങ്ങള്‍, കടല്‍ തീരത്ത് വര്‍ഷങ്ങളായുണ്ടായ കടലാക്രമണത്തിന്റെ തോത്, കടലോരത്തെ കാലാവസ്ഥ വ്യതിയാനം തുടങ്ങിയ നിരവധി കാര്യങ്ങള്‍ പരിശോധിച്ച് കടലോരത്ത് വരുത്തേണ്ട മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍ ഇതുവഴി കഴിയും. കടല്‍ ഭിത്തിയുടെ ശാസ്ത്രീയത, കടലാക്രമണം ചെറുക്കുന്നതിന് പ്രയോഗിക സമീപനങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ സര്‍ക്കാറിന് നല്‍കാനും ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ടിന് സാധിക്കും. ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിച്ചാല്‍ കടലിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ നേരത്തെ തിരിച്ചറിഞ്ഞ് പ്രതിവിധി കണ്ടെത്താന്‍ കഴിയും.

രൂക്ഷമായ കടലാക്രമണ ബാധിത പ്രദേശമായ പൊന്നാനിക്ക് ഹൈഡ്രോഗ്രാഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് വലിയ തോതില്‍ ഗുണകരമായി മാറും. പൊന്നാനി നഗരസഭയിലെ പഴയ കെട്ടിടത്തില്‍ പുതിയ കെട്ടിടം ആകുന്നത് വരെ താല്‍ക്കാലികമായി ഓഫീസ് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്. ഹൈഡ്രോഗ്രാഫിക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കാന്‍ ഏറ്റവും ഉചിതമായ സ്ഥലമാണ് പൊന്നാനി ഹാര്‍ബറിലെ നിര്‍ദിഷ്ട സ്ഥലമെന്ന് സന്ദര്‍ശക സംഘം വിലയിരുത്തി.പൊന്നാനി നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറത്ത് , മലബാര്‍ മേഖല പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വിന്‍ , ഹൈഡ്രോഗ്രാഫിക്ക് മറൈന്‍ സര്‍വേയര്‍ വര്‍ഗീസ് തുടങ്ങിയവര്‍ ഹാര്‍ബറിലെ സ്ഥലം സന്ദര്‍ശനത്തിന് എം.എല്‍.എക്കൊപ്പം ഉണ്ടായിരുന്നു.