'കൈകോർക്കാം ജീവ സ്പന്ദനത്തിനായ്'; പരിശീലന പരിപാടി സംഘടിപ്പിച്ചു

post

മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷൻ ഗോത്രസഖി സമഗ്ര സാമൂഹ്യ ആരോഗ്യ സുരക്ഷാ പദ്ധതിയും നിലമ്പൂർ ഗവണ്മെന്റ് മൊബൈൽ ഡിസ്‌പെൻസറി സുരക്ഷാ പദ്ധതിയും സംയുക്തമായി പ്രഥമ ശുശ്രൂഷാ പരിശീലനവും ഫയർ & റസ്ക്യൂ പരിശീലനവും കോവിഡ് പ്രതിരോധ കിറ്റ് വിതരണവും സംഘടിപ്പിച്ചു. വനത്തിനകത്തു താമസിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട 13 ഊരുകളിലെ യുവതി യുവാക്കൾക്കായാണ് ആദ്യഘട്ട പരിശീലനം നടത്തിയത്. ബിപി അപ്പാരറ്റസ് , പൾസ് ഓക്സി മീറ്റർ, ഡിജിറ്റൽ തെർമോമീറ്റർ ഉൾപ്പെടുന്ന കോവിഡ് പ്രതിരോധ കിറ്റിന്റെ ഉപയോഗിക്കാൻ പഠിപ്പിക്കുകയും ചെയ്തു.


ഉൾവനത്തിലെ ഊരുകളായ മാഞ്ജീരി, മുണ്ടക്കടവ്, വെറ്റിലകൊല്ലി, അമ്പുമല, പാലക്കയം, ഉച്ചക്കുളം, അളക്കൽ, പുഞ്ചകൊല്ലി, ചെമ്പ്ര, ഇരുട്ടുകുത്തി, വാണിയമ്പുഴ, തരിപ്പപ്പൊട്ടി, കുമ്പളപ്പാറ എന്നീ 13 കോളനിയിലെ തിരഞ്ഞെടുത്തവർ ആദ്യ ഘട്ട പരിശീലനത്തിൽ പങ്കെടുത്തു. മലയാളത്തിലും, അവരുടെ ഭാഷയിലും ക്ലാസുകൾ നൽകി. ഗവ. മൊബൈൽ ഡിസ്‌പെൻസറി മെഡിക്കൽ ഓഫീസർ ഡോ അശ്വതി സോമനും ഫയർ & സേഫ്റ്റി ഓഫീസർ മുഹമ്മദ്‌ ഹബീബ് റഹ്മാൻ ക്ലാസ് എടുത്തു. കോവിഡ് സമയത്തോ അല്ലാതായോ ക്ഷീണവും തളർച്ചയും അനുഭവപെടുമ്പോൾ കാടുകളിൽ നിന്ന് തന്നെ ബിപി പരിശോധിക്കാനും, പനിയുടെ തോത് അളക്കാനും, ഓക്സിജൻ അളവ് പരിശോധിക്കാനും, ഫോണിലൂടെ വിവരം കൈമാറുകയും ചെയ്താൽ അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാകാനും, അത്യാവശ്യ ഘട്ടത്തിൽ പ്രഥമ ശുശ്രൂഷ നൽകാനും, ആത്മവിശ്വാസം ഉയർത്തി അവരെ ശാക്തീകരിക്കാനും കഴിയും. അതിനായി ഡോ. അശ്വതി വിഭാവനം ചെയ്ത പദ്ധതിയാണ് 'സുരക്ഷ '. അവർക്കുള്ള വസ്തുക്കൾ സിങ്കപ്പൂരിൽ നിന്ന് സെൻട്രൽ പ്രൊവിഡന്റ് ഫണ്ട്‌ സി എസ് ആർ മുഖേനയും, ട്രൈബൽ വകുപ്പും നൽക്കുകയാണ് ഉണ്ടായത്.

പരിശീലന പരിപാടിയുടെ ഉദ്ഘാനവും കോവിഡ് പ്രതിരോധ കിറ്റ് വിതരണവും നിലമ്പൂർ മുനിസിപ്പൽ ചെയർമാൻ മാട്ടുമ്മൽ സലീം നിർവഹിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ വി. എസ്. റിജേഷ് അധ്യക്ഷത വഹിച്ചു.