എറണാകുളത്ത് നവീകരിച്ച ആറ് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

എറണാകുളം: വിദ്യാകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ജില്ലയിലെ ആറ് സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംസ്ഥാനത്താകെ 53 വിദ്യാലയങ്ങളാണ് ഓണ്‍ലൈന്‍ ചടങ്ങിലൂടെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
പദ്ധതിയില്‍ ഉള്‍പ്പെടുത്തി എറണാകുളം ജില്ലയില്‍ ജി.വി.എച്ച്.എസ്.എസ് പല്ലാരിമംഗലം, ജി.ജി.എച്ച്.എസ്.എസ് നോര്‍ത്ത് പറവൂര്‍, ജി.യു.പി.എസ് കണ്ടന്തറ, ജി.എല്‍.പി.എസ് വളയന്‍ചിറങ്ങര, ജി.യു.പി.എസ് കുമ്പളങ്ങി, ജി.വി.എച്ച്.എസ്.എസ് മാതിരപ്പിള്ളി എന്നീ സ്‌കൂളുകളാണ് ഉദ്ഘാടനം ചെയ്തത്.
തിരുവനന്തപുരം പൂവച്ചല്‍ ജി.വി.എച്ച്എസ്എസിലാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. കിഫ്ബിയുടെ അഞ്ചുകോടിരൂപ ധനസഹായത്തില്‍ നിര്‍മിച്ച നാലു കെട്ടിടവും, മൂന്നുകോടി ധനസഹായത്തോടെ 10 കെട്ടിടവും, ഒരു കോടി രൂപ ധനസഹായത്തോടെ രണ്ട് സ്‌കൂള്‍ കെട്ടിടങ്ങളും, പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തിയുള്ള 37 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് സംസ്ഥാനത്താകെയുളളത്.